കെ ബി ഗണേഷ് കുമാറും ഭാര്യ യാമിനി തങ്കച്ചിയും നല്കിയ പരാതികള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ആഭ്യന്തരമന്ത്രിയാണ് ഉത്തരവിട്ടത്. എന്നാല്‍ അന്വേഷണ സംഘത്തലവന് ആരായിരിക്കും എന്ന് തീരുമാനമായിട്ടില്ല.
യാമിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗണേഷ് കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗണേഷിനെതിരായ പരാതി മുഖ്യമന്ത്രിക്കാണ് യാമിനി നല്‍കിയത്. വര്‍ഷങ്ങളായി ഗണേഷ് തന്നെ പീഡിപ്പിക്കുകയാണ് എന്നാണ് പരാതിയില്‍ പറയുന്നത്. സിഡി അടക്കമുള്ള തെളിവുകളും കൈമാറി. കേസില്‍ പൊലീസ് എഫ് ഐ ആര് റജിസ്റ്റര്‍ ചെയ്തു.
അതേസമയം യാമിനിയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കാണിച്ച് ഗണേഷ് നല്കിയ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. യാമിനി തങ്കച്ചിയുടെ ആരോപണം ബ്ലാക്ക്മെയിലിംഗ് തന്ത്രമാണെന്നും ഗണേഷ് ആരോപിച്ചിരുന്നു. മന്ത്രിമന്ദിരത്തിന് പുറത്തുനിന്ന് ആരും വന്ന് തന്നെ മര്‍ദ്ദിച്ചിട്ടില്ല. മര്‍ദ്ദിച്ചത് യാമിനി തന്നെയാണ്. ഇപ്പോഴത്തെ ആരോപണങ്ങള്ഗൂഢാലോചനയുടെ ഭാഗമാണ്. ഉന്നതതല ഏജന്‍സിയെക്കൊണ്ട് ശക്തമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ഗണേഷ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ അഭിഭാഷകയോടൊപ്പം ക്ലിഫ് ഹൗസിലെത്തിയാണ് യാമിനി തങ്കച്ചി ഗണേഷിനെതിരായ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗണേഷ് കുമാര്‍ ശാരീരകമായും മാനസികമായും പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് ശേഷം മ്യൂസിയം പൊലീസിലും പരാതി നല്കി. സിഡി ഉള്‍പ്പടെയുള്ള തെളിവുകള്‍ സഹിതം വിശദമായി എഴുതിത്തയ്യാറാക്കിയ പരാതിയാണ് യാമിനി നല്‍കിയത്. ഇതേത്തുടര്‍ന്ന് മ്യൂസിയം പൊലീസ് യാമിനിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതിന് മുമ്പ് യാമിനിക്കെതിരെ ഗണേഷ് നല്കിയ പരാതിയിലും മ്യൂസിയം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ യാമിനിയുടെ പരാതി സ്വീകരിച്ച മുഖ്യമന്ത്രി ഉചിതമായി നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. യാമിനിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ മന്ത്രി ഷിബു ബേബിജോണിനെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി അനുരഞ്ജന ചര്‍ച്ച നടത്തി. എന്നാല്‍ ഇതു പരാജയപ്പെടുകയായിരുന്നു. ഇതിന്ശേഷം ഡിജിപിയെയും ആഭ്യന്തരമന്ത്രിയെയും വിളിച്ചുവരുത്തി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി ലഭിച്ചാല്‍ ഉടന്‍ പൊലീസിന് കൈമാറണമെന്ന ഉപദേശമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി മന്ത്രിയുടെ രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുകയായിരുന്നു.