ക്വട്ടേഷനെത്തി, വെട്ടുകൊണ്ടു; ഗുണ്ട ആശുപത്രിയില്‍!

Crime
അഞ്ചല്‍| WEBDUNIA|
PRO
PRO
അഞ്ചലില്‍ ഫൈനാന്‍സ് കമ്പനി ഉടമയെ കൊല്ലാനായി ക്വട്ടേഷനെടുത്തുവന്ന സംഘത്തലവനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് വിലസുന്ന ‘മൊണ്ടി’ എന്ന് പേരിലറിയപ്പെടുന്ന ഗോപനാണ് ഈ ഗതി വന്നത്. അഞ്ചല്‍ ശ്രീകൃഷ്ണ ഫൈനാന്‍സ്‌ ഉടമയും ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ സോദരന്റെ മകനുമായ റെജിത്‌ കുമാറിന്റെ അഞ്ചല്‍ തഴമേലുള്ള വീട്ടില്‍ ക്വട്ടേഷന്‍ പണിക്ക് എത്തിയതായിരുന്നു മൊണ്ടി.

വ്യാഴാഴ്ച ഉച്ചയോടെയാണ് റെജിതിന്റെ വീട്ടില്‍ അക്രമം നടന്നതെങ്കിലും മൊണ്ടി ഗുരുതരാവസ്ഥയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിവരം വെള്ളിയാഴ്ചയാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. മൊണ്ടി ഗോപന്റെ നേതൃത്വത്തില്‍ നാലംഗ സംഘം റെജിതിന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ അവര്‍ കുടുംബാംഗങ്ങളെ തലങ്ങും വിലങ്ങും വെട്ടാന്‍ തുടങ്ങി.

റെജിതും ഭാര്യയും കുട്ടികളും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നേരെ വടിവാളൊങ്ങിയ സംഘത്തെ റെജിത് തന്നാലാകും വിധം ചെറുത്തു. തുടര്‍ന്ന് മൊണ്ടി ഗോപന്‍ വാള്‍വീശി റെജിതിന്റെ കഴുത്തിന്‌ വെട്ടുകയായിരുന്നു. എന്നാല്‍ കൈകൊണ്ട്‌ വാള്‍ തട്ടിമാറ്റിയതിനാല്‍ റെജിത്കുമാറിന്റെ കൈയ്ക്കാണ്‌ പരിക്കേറ്റത്‌. ഒപ്പം മൊണ്ടിയെ റെജിത് കടന്നുപിടിക്കുകയും ചെയ്തു. രണ്ടുപേരും തമ്മില്‍ നടന്ന മല്‍‌പ്പിടുത്തതിനിടയില്‍ മൊണ്ടിയുടെ സംഘാംഗങ്ങള്‍ തന്നെ ആളുമാറി മൊണ്ടിയെ വെട്ടുകയായിരുന്നു.

ഇതിനിടെ, റെജിത്കുമാറിന്റെ ഭാര്യയുടെയും കുട്ടികളുടെയും നിലവിളികേട്ട്‌ നാട്ടുകാര്‍ ഓടിക്കൂടി. കാര്യം അത്ര പന്തിയല്ലെന്ന് കണ്ട സംഘം ഓടിപ്പോകാന്‍ ഒരുങ്ങുമ്പോഴാണ് അവശനിലയില്‍ കിടക്കുന്ന മൊണ്ടിയെ കണ്ടത്. തുടര്‍ന്ന് മൊണ്ടിയെയും വലിച്ചിഴച്ച് സംഘം വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ചാവാറായി ആശുപത്രിയില്‍ കിടക്കുന്ന മൊണ്ടിയെ പറ്റി നാട്ടുകാര്‍ പറയുന്നത് ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :