കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പേരുമാറി രക്തം നല്‍കി രോഗി മരിച്ചു
കോഴിക്കോട്|
WEBDUNIA|
Last Modified വെള്ളി, 10 മെയ് 2013 (11:27 IST)
PRO
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറി നല്‍കിയതിനെത്തുടര്‍ന്നു രോഗി മരിച്ചു. കുഴിയില്‍താഴം സ്വദേശിനി താപ്പള്ളി കരിമ്പയില്‍ വീട്ടില്‍ സി കെ തങ്കമാണു മരിച്ചത്.
രക്തം നല്‍കേണ്ട രോഗി അല്ലായിരുന്നു തങ്കമെന്ന് ബന്ധുക്കള്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ ഇരുപത്തിയാറാം വാര്‍ഡില്‍ ഉദരസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു തങ്കം.
ഇതേ വാര്‍ഡില്‍ തങ്കം എന്നു പേരുള്ള മറ്റൊരു രോഗിക്കു നല്‍കേണ്ടിയിരുന്ന എ പോസിറ്റീവ് രക്തമാണ് ആളു മാറി നല്‍കിയത്. രക്തം മാറ്റി കയറ്റിയതോടെ രോഗിയുടെ നില പെട്ടെന്നു വഷളാവുകയും വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് മരിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയുടെ പുറത്ത് രോഗിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ച സംഭവിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. വീഴ്ച സംഭവിച്ചതായി ആശുപത്രി അധികൃതരും സമ്മതിച്ചിട്ടുണ്ട്.
അതേസമയം സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും.