കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 22 ജൂണ്‍ 2017 (11:21 IST)
ജനകീയ മെട്രോയാത്രയെന്ന പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മെട്രോയാത്ര ചട്ടങ്ങളെല്ലാം ലംഘിച്ചാണ് നടത്തിയതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയെ മെട്രോയാത്രയില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രവര്‍ത്തകരുടെ വികാരമാണ് അവിടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ ജനങ്ങൾക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ് എല്ലാ ചട്ടങ്ങളും ലംഘിച്ചും സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയും യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ മെട്രോ യാത്ര നടത്തിയത്. ആയിരം രൂപ മുതല്‍ ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്നും നേതാക്കളുടെ സാന്നിധ്യത്തിൽ ആലുവ മെട്രോ സ്റ്റേഷനിനകത്ത് എത്തിയ പ്രവര്‍ത്തകര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചുവെന്നും മെട്രോ അധികൃതര്‍ പറഞ്ഞു.
അതേസമയം, പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളെ ബുദ്ദിമുട്ടിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം ആലുവ ഏരിയ സെക്രട്ടറി വി സലീം കെഎംആര്‍എല്‍ എംഡിക്ക് പരാതി നല്കി. മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണെന്നും മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം യുഡിഎഫ് സംഘം മെട്രോ യാത്ര നടത്തിയത്.