പ്രധാനമന്ത്രി വിമാനമിറങ്ങുമ്പോള്‍ സ്വീകരിക്കാനുളളവരുടെ ലിസ്റ്റിലാണ് കുമ്മനത്തിന്റെ പേരുള്ളത്; രൂക്ഷ വിമര്‍ശനവുമായി കടകം‌പള്ളി

മെട്രൊ യാത്രയ്ക്കുളള ലിസ്റ്റില്‍ കുമ്മന്നത്തിന്റെ പേരില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കടകംപളളി

തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 18 ജൂണ്‍ 2017 (09:39 IST)
കൊച്ചി മെട്രൊയുടെ ആദ്യയാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ കടന്നുകൂടിയതിനെക്കുറിച്ചുളള വിവാദം രൂക്ഷമാകുന്നു. കുമ്മനത്തിന്റെ വിശദീകരണം വന്നതിനു ശേഷവും അദ്ദേഹത്തിനെതിരെയുളള ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ സ്വീകരിക്കുന്നതിനായുള്ള 31 പേരുടെ പട്ടികയില്‍ മാത്രമാണ് കുമ്മനം രാജശേഖരന്റെ പേരുണ്ടായിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ട്രെയിനില്‍ പ്രധാനമന്ത്രിയുടെ കൂടെ യാത്ര ചെയ്യുന്നവരുടെ ലിസ്റ്റില്‍ കുമ്മനത്തിന്റെ പേരുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേര് എങ്ങനെയാണ് മെട്രൊയില്‍ മോദിക്കൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉണ്ടാകുക. ഒരിക്കലും ആ പേര് ഉണ്ടാകില്ലയെന്ന് ഏതൊരാള്‍ക്കും ഊഹിക്കാന്‍ കഴിയുന്ന കാര്യമാണ്. അദ്ദേഹം പേരുണ്ടെന്ന് പറഞ്ഞാലും അത് ശുദ്ധ അസംഭന്ധമാണ്. ഇത് സര്‍ക്കാരിന്റെ വലിയൊരു ചടങ്ങല്ലേ. അതിനൊരു രീതിയില്ലേ. ലിസ്റ്റുണ്ടല്ലോ, അതില്‍ നോക്കിയാല്‍ മതിയെന്നും കടകംപളളി ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കില്‍ വ്യക്തമാക്കി.

കൊച്ചി മെട്രോ നാട മുറിക്കല്‍ ചടങ്ങിലും ഉദ്ഘാടന യാത്രയിലും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെട്ടത് വലിയ സുരക്ഷാവീഴ്ചയാണെന്നും SPG ഇക്കാര്യം പരിശോധിക്കണമെന്നും മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു‍. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാള്‍ കടന്നുകയറിയതെന്നും കടകം‌പള്ളി എഫ് ബി പേജില്‍ ആരോപിച്ചിരുന്നു. അതേസമയം ആരോപണങ്ങള്‍ തെറ്റാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസാണ് മെട്രൊ യാത്രയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതെന്നുമുള്ള വിശദീകരണവുമായി കുമ്മനവും എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :