കോണ്‍ഗ്രസുമായി ഇപ്പോഴും അകല്‍ച്ചയുണ്ട്: എന്‍എസ്എസ്
ചങ്ങനാശ്ശേരി|
WEBDUNIA|
Last Modified ചൊവ്വ, 22 ജൂണ്‍ 2010 (11:25 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസുമായി എന്‍ എസ് എസിനുണ്ടായ അകല്‍ച്ച ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപണിക്കര്‍ പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ എന്‍ എസ് എസ് ബജറ്റ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു നാരായണപണിക്കര്‍.
കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങളൊന്നും നടക്കുന്നില്ല. ചര്‍ച്ചകള്‍ക്ക് ഇരു കൂട്ടരും ധാരണയായിരുന്നതാണ്. എന്നാല്‍ ക്രിയാത്മകമായ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നും ഇങ്ങനെ തുടര്‍ന്നാല്‍ ചര്‍ച്ച വേണ്ടന്ന നിലപാട് എന്‍ എസ് എസിന് സ്വീകരിക്കേണ്ടി വരുമെന്നും നാരായണ പണിക്കര്‍ പറഞ്ഞു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും നാരായണ പണിക്കര്‍ ആരോപിച്ചു. എയ്ഡഡ് മേഖലയെ തകര്‍ക്കാന്‍ ശ്രമം നടത്തുന്ന സര്‍ക്കാര്‍ ഈ മേഖലയോട് മന:പൂര്‍വം അവഗണന കാണിക്കുകയാണ്. എയ്ഡഡ് മേഖലയിലെ നിയമനം സംബന്ധിച്ച് നിരവധി ഉത്തരവുകള്‍ ഇറങ്ങിയിട്ടുണ്ട്. ഈ ഉത്തരവുകള്‍ പലതും നിലവിലുള്ള നിയമത്തിനും സര്‍ക്കാരും മാനേജ്‌മെന്‍റുകളും തമ്മിലുള്ള ധാരണകള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
സംവരണാനുകൂല്യപ്രശ്‌നത്തില്‍ സര്‍വേ നടത്തണമെന്ന എന്‍ എസ് എസിന്‍റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. വ്യക്തമായ ധാരണയുണ്ടാകാനായി ജാതി തിരിച്ചുള്ള സാമൂഹിക സാമ്പത്തിക സര്‍വേ നടത്തണമെന്നാണ് എന്‍ എസ് എസിന്‍രെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജാതി തിരിച്ചുള്ള സാമൂഹ്യ സാമ്പത്തിക സര്‍വ്വേ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ എന്‍ എസ് എസ് ഉറച്ചു നില്ക്കുന്നെന്നും നാരയണപണിക്കര്‍ വ്യക്തമാക്കി.