കൊച്ചി മെട്രോ: ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാന്‍ നടപടി തുടങ്ങി

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (11:22 IST)
കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. ജില്ല ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം ശീമാട്ടിയില്‍ എത്തുകയും ബീന കണ്ണനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥലം വിട്ടു കൊടുക്കാന്‍ തീരുമാനമായത്. ശീമാട്ടിയുടെ 32 സെന്റ് സ്ഥലമാണ് കൊച്ചി മെട്രോയ്ക്കായി വിട്ടു നല്കുക.

സ്വമേധയയാണ് ഭൂമി വിട്ടു നല്കുന്നതെന്ന് ശീമാട്ടി ഉടമ ബീന കണ്ണന്ന് അറിയിച്ചു. കൊച്ചി മെട്രോയുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റര്‍ സ്ഥലത്ത് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം മാത്രമായിരുന്നു ഇനി വിട്ട് കിട്ടാനുണ്ടായിരുന്നത്. അതും വിട്ടുകിട്ടിയതോടെ കൊച്ചി മെട്രോയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി.

സ്ഥലത്തിന് പകരമായി മെട്രോയുടെ തൂണുകളിലും ബീമുകളിലും സൗജന്യമായി പരസ്യം പതിക്കാനുള്ള അവകാശവും ബാനര്‍ജി റോഡിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക സൗകര്യവുമാണ് ശീമാട്ടി ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമതീരുമാനമായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :