മുന്നണിയെ നയിക്കുന്ന കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന്‍റെ ക്ഷമ പരീക്ഷിക്കാന്‍ യു ഡി എഫില്‍ ആരും മുന്നോട്ട് വരരുതെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. യു ഡി എഫിനുള്ളില്‍ നിന്ന് യു ഡി എഫിനെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ നോക്കി നില്‍ക്കില്ലെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
യു ഡി എഫിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടും. യു ഡി എഫിന് നിയമസഭയില്‍ ചുരുങ്ങിയ ഭൂരിപക്ഷം മാത്രം ഉള്ളതിനാലാണ് ഇത്രയും കാലം ഭരണപക്ഷത്തുള്ള എതിരാളികളെ സഹിച്ചത്. മുന്നണിയെ നയിക്കുന്ന കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന്‍റെ ക്ഷമ പരീക്ഷിക്കാന്‍ ആരും മുന്നോട്ട് വരരുത്. അതിന് ശ്രമിച്ചാല്‍ നോക്കി നില്‍ക്കില്ല - ചെന്നിത്തല പറഞ്ഞു.
എല്‍ ഡി എഫിന് ഇപ്പോള്‍ ജനങ്ങളെ നേരിടാനുള്ള ശക്തിയില്ല. അതിനാലാണ് യു ഡി എഫില്‍ നിന്ന് ചിലര്‍ ഇടതുമുന്നണിയിലേക്ക് വരുമെന്നു പ്രചരിപ്പിക്കുന്നത്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അഞ്ചുകൊല്ലം ഭരിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ലെന്നും ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികളെ നേരിടേണ്ടത് ആയുധം കൊണ്ടല്ല. ആശയം കൊണ്ടാണ്. കഴിഞ്ഞുപോയ തെരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നത് ജനങ്ങളുടെ വിശ്വാസം യു ഡി എഫിലാണ് എന്നാണ്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ഇപ്പോള്‍ തമ്മില്‍ മിണ്ടാറില്ല. ആ പാര്‍ട്ടി നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് ഇത് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.