സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട് കേരളത്തിന് എതിരെന്ന് സൂചന. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം പുനഃപരിശോധിക്കണമെന്ന ആവശ്യവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
വലിയ ഭൂകമ്പമുണ്ടായാലും മുല്ലപ്പെരിയാര്‍ ഡാം തകരില്ല. ഡാം സുരക്ഷിതമാക്കാന്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതി. 1886ലെയും 1970ലെയും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് വേണമെങ്കില്‍ മുല്ലപ്പെരിയാറില്‍ കേരളത്തിന് സ്വന്തം ചെലവില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡാം സുരക്ഷിതമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനോട് താനും യോജിക്കുന്നതായി ജസ്റ്റിസ് കെ ടി തോമസ് അറിയിച്ചു. വിദഗ്ധരുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് പറയാനുള്ള അറിവ് തനിക്കില്ലെന്നും എന്നാല്‍ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന തന്‍റെ നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ടെന്നും കെ ടി തോമസ് വ്യക്തമാക്കി.