കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കാണിച്ച് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. വെടിയേറ്റത് ഇന്ത്യയില്‍ രജിസ്‌റ്റര്‍ ചെയ്‌ത ബോട്ടിലുള്ളവര്‍ക്കാണ്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുക എന്നു പറഞ്ഞാല്‍ അത് ഇന്ത്യയുടെ ഭാഗമാണ്. അതിനാല്‍ കേസെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സി വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമസ്‌ഥരായ ഡോള്‍ഫിന്‍ ടാങ്കേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരളം സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാദിര്‍ത്തിയില്‍ അല്ലാത്തതിനാല്‍ കേരളത്തിന് കേസെടുക്കാനാവില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍ നിലപാടെടുത്തതും ഇതിനെ കേരളത്തിന്റെ അഭിഭാഷകന്‍ എം ഡി ജോര്‍ജ് എതിര്‍ക്കാതിരുന്നതും വിവാദമായിരുന്നു.
എന്നാല്‍ സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിലാണെന്ന കാര്യം കേരളം സത്യവാങ്‌മൂലത്തതില്‍ പരാമര്‍ശിച്ചിട്ടില്ല. 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നതെന്നും കേരളം സത്യവാങ്‌മൂലത്തില്‍ പറയുന്നുണ്ട്.