കെ പി സി സി പുനഃസംഘടന നീളില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കെ പി സി സി പുനഃസംഘടന അതികം വൈകില്ലെന്ന് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ്‌ ചെന്നിത്തലയും അടുത്ത ആഴ്ച ഡല്‍ഹിയിലെത്തി പുനഃസംഘടനയുടെ അന്തിമ ചര്‍ച്ച നടത്തും. ഇതിനുശേഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

പുനഃസംഘടന സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയെന്ന്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്‌ത്രി പറഞ്ഞു. അതേസമയം, രമേശ്‌ ചെന്നിത്തല പ്രസിഡന്റ്‌ സ്ഥാനം ഒഴിയണമെന്ന പി സി ചാക്കോയുടെ പ്രസ്‌താവനയോട്‌ അദ്ദേഹം പ്രതികരിച്ചില്ല.

ഗ്രൂപ്പ് തര്‍ക്കം മൂലമാണ് കോണ്‍ഗ്രസ് പുനഃസംഘടന വൈകുന്നത്. പുനഃസംഘടന ഈ മാസം പൂര്‍ത്തീകരിക്കുമെന്നു യുഡിഎഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനഃസംഘടന അനന്തമായി നീളുന്നതില്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക്‌ അസംതൃപ്തിയുണ്ട്‌. ഇക്കാര്യത്തില്‍ എഐസിസി വക്താവ്‌ പി സി ചാക്കോ പരസ്യമായി രമേശ്‌ ചെന്നിത്തലയെ വിമര്‍ശിച്ച്‌ രംഗത്ത്‌ എത്തിയിരുന്നു.

ഗ്രൂപ്പ് കളിക്കാനാണെങ്കില്‍ ചെന്നിത്തല സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് പി സി ചാക്കോ പറഞ്ഞു. ഒരു വാര്‍ത്താ ചാ‍നലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗ്രൂപ്പുകള്‍ക്ക്‌ അതീതനായ വ്യക്‌തി എന്ന നിലയിലാണു രമേശിനെ കെപിസിസി പ്രസിഡന്റാക്കിയത്‌. ഇപ്പോള്‍ അദ്ദേഹത്തിനു ഗ്രൂപ്പുണ്ട്‌. അതുകൊണ്ട്‌ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട്‌ നിര്‍ത്തുന്നതാണു നല്ലതെന്ന് പി സി ചാക്കോ അഭിപ്രായപ്പെട്ടു.

കെപിസിസി പ്രസിഡന്റായിരിക്കുന്നതിനേക്കാള്‍ രമേശ്‌ ചെന്നിത്തല മന്ത്രിയാകുന്നതാണു നല്ലതെന്നും പി സി ചാക്കോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :