നഗരത്തില്‍ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ക്കായില്ല. മെഡിക്കല്‍ കോളേജിലേക്കുള്ള കുടിവെള്ളവിതരണം നിലച്ചതോടെ ഇന്നു നടത്താനിരുന്ന ശസ്ത്രക്രിയകള്‍ മുടങ്ങി. ഇതോടെ രോഗികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ആവശ്യമായ വെള്ളം ടാങ്കറുകള്‍ വഴി ലഭ്യമാക്കുമെന്നും ഓപ്പറേഷന്‍ മുടങ്ങില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
മെഡിക്കല്‍കോളേജിലേക്ക് വെള്ളമെത്തിക്കാന്‍ വാട്ടര്‍ ടാങ്കറുകള്‍ വിട്ട് നല്‍കണമെന്ന കളക്ടറുടെ ഉത്തരവ് പാലിക്കാത്ത ടാങ്കറുകള്‍ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. വാട്ടര്‍ ടാങ്കറിലേയ്ക്കുള്ള വെള്ളം സൗജന്യമായി നല്‍കാമെന്നും വാഹനത്തിന് വാടക നല്‍കാമെന്നും കളക്ടര്‍ ഉറപ്പ് കൊടുത്തിട്ടും വാഹനം എത്തിക്കാതെ സ്വകാര്യ ഫ്ളാറ്റുകളിലേയ്ക്ക് അനധികൃതമായി വെള്ളമടിച്ചതാണ് വാഹനം പിടിച്ചെടുക്കാനിടയാക്കിയത്. തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നാലിടങ്ങളിലാണ് പൈപ്പ്‌ലൈന്‍ പൊട്ടിയത്. ഇതോടെ കുടിവെള്ള വിതരണം തടസപ്പെട്ടു. ചൊവ്വാഴ്ച കുടിവെള്ള വിതരണം വൈകീട്ടോടെ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബുധനാഴ്ചയും അറ്റകുറ്റപ്പണികള്‍ തുടരുകയാണ്.
കുടിവെള്ള വിതരണം മുടങ്ങിയതോടെ നഗരത്തിലെ ജനജീവിതം ദുരിതത്തിലായി. ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമയത്തിന് ഓഫീസുകളിലും സ്കൂളിനും എത്താനാകുന്നില്ല.