കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ രാജി വെക്കുമെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കുമെന്നും റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ അധികാരത്തില്‍ തുടരാന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്നും പി സി ജോര്‍ജ്. അതിനിടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് എം എംഎല്‍എമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി കെ എം മാണി പറഞ്ഞു. വിഷയത്തില്‍ മന്ത്രി കെ സി ജോസഫ് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിയുമായി കൂടികാഴ്ച നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പിസി ജോര്‍ജും വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നവംബര്‍ 13 ന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നും പരിസ്ഥിതിലോല മേഖലകളായി പരിഗണിക്കപ്പെടുന്ന 123 വില്ലേജുകളില്‍ ഭേദഗതി വേണമെന്നും കേരള കോണ്‍ഗ്രസ് എം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മലയോര കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് നിര്‍ദ്ദേശിച്ചതായും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതീഷയുണ്ടെന്നും കൂടികാഴ്ചയ്ക്ക് ശേഷം മാണി പറഞ്ഞു. മന്ത്രി കെ സി ജേസഫും എംപിമാരും കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിയുമായി ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ കസ്തൂരി രംഗന്‍ വിഷയം ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് പി സി ജോര്‍ജ് പറഞ്ഞു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി നേരിട്ടും കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്താമെന്നും ഉമ്മന്‍ചാണ്ടി കേരള കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.

ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കേരളകോണ്‍ഗ്രസ്(എം) ഉന്നതാധികാര സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യമുന്നയിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ചാണ് രാവിലെ മന്ത്രിമാരായ കെ എം മാണി, പി ജെ ജോസഫ്, സര്‍ക്കാര്‍ ചീഫ് പി സി ജോര്‍ജ് എന്നിവര്‍ക്കൊപ്പം എംഎല്‍എമാരും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :