കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: മുന്‍ഉത്തരവ് നിലനില്‍ക്കുന്നതായി കേന്ദ്രം
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 13ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെന്ന് പരിസ്ഥിതിമന്ത്രാലയം ദേശീയ ഹരിതട്രൈബ്യൂണലിനെ അറിയിച്ചു. പരിസ്ഥിതിലോലമേഖലകളായി കേരളത്തിലെ 123 വില്ലേജുകളെ തെരഞ്ഞെടുത്തതിനെയും അതിരുകള്‍ തീരുമാനിച്ചതിനെയും എതിര്‍ത്തുകൊണ്ടുള്ള കേരളത്തിന്റെ നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും.
പരിസ്ഥിതിമന്ത്രാലയം ഡിസംബര്‍ 20ന് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തില്‍ നവംബര്‍ 13-ന്റെ ഉത്തരവ് നിലവിലില്ലെന്ന് സൂചന നല്‍കുന്നതായി ഹര്‍ജിക്കാരായ ഗോവ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ വിശദീകരണം. അതിനിടെ ഓഫീസ് കുറിപ്പിന്റെ മറവില്‍ സുപ്രീംകോടതി വിധി ലംഘിച്ച് ക്വാറികള്‍ക്ക് താത്കാലിക അനുമതി നല്‍കിയത് പത്തുദിവസത്തിനുള്ളില്‍ വിശദീകരിക്കാന്‍ കേരളത്തിന് ട്രൈബ്യൂണല്‍ നിര്‍ദേശംനല്‍കി.
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോലമേഖലയ്ക്ക് (ഇഎസ്എ) കസ്തൂരിരംഗന്‍സമിതി ശുപാര്‍ശചെയ്ത നിരോധനനടപടികളില്‍ അഞ്ചെണ്ണം ബാധകമാക്കിയാണ് നവംബര്‍ 13ന് പരിസ്ഥിതിമന്ത്രാലയം ഉത്തരവിറക്കിയത്. കേരളത്തിലെ 123 വില്ലേജുകള്‍ ഉള്‍പ്പെടെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലമേഖലകളുടെ അതിരുകളില്‍ നേരിട്ടുള്ള പരിശോധനയ്ക്കുശേഷം സംസ്ഥാനസര്‍ക്കാറുകള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാമെന്നാണ് ഡിസംബര്‍ 20-ലെ ഓഫീസ് കുറിപ്പില്‍ പറയുന്നത്.
നേരത്തേ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും മറികടക്കുന്നതാണ് ഈ കുറിപ്പെന്ന് ഹര്‍ജിക്കാരായ ഗോവ ഫൗണ്ടേഷനുവേണ്ടി ഹാജരായ അഡ്വ. രാജ് പഞ്ച്വാനി ട്രൈബ്യൂണലിനെ അറിയിച്ചു. പരിസ്ഥിതി സംരക്ഷണനിയമത്തിലെ അഞ്ചാംവകുപ്പ് പ്രകാരം പുറത്തിറക്കിയ ഉത്തരവ് ഈ മട്ടില്‍ റദ്ദാക്കാന്‍ കഴിയുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.