കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വി എസിന് നല്‍കണം: പി ബി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
തന്‍റെ വിശ്വസ്തരെ പുറത്താക്കിയെങ്കിലും വി എസ് അച്യുതാനന്ദന് ആശ്വാസം നല്‍കിയ ഡല്‍ഹി യാത്രയായിരുന്നു ഇത്തവണത്തേത്. പി കരുണാകരന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് വി എസിന് നല്‍കണമെന്ന് സംസ്ഥാന നേതൃത്വത്തിന് പി ബി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. തന്‍റെ പരാതികള്‍ അന്വേഷിക്കാന്‍ കമ്മീഷനെ വച്ചതും പ്രതിപക്ഷനേതാവ് സ്ഥാനത്ത് തുടരാം എന്നതും വി എസിന് നേട്ടമായി.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ വി എസ് ഗൂഢാലോചന നടത്തിയെന്ന പരാമര്‍ശം അടങ്ങിയതാണ് പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പല തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം നല്‍കിയില്ലെന്ന് വിഎസ് പി ബിക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിശോധിച്ചാണ് റിപ്പോര്‍ട്ട് വി എസിന് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വി എസ് അച്യുതാന്ദന്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ സി പി എം പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടുന്ന ആറംഗ കമ്മീഷന്‍ ആണ് രൂപീകരിച്ചത്. പി കരുണാകരന്‍ കമ്മീഷന്റെ കണ്ടെത്തലുകളും ഈ കമ്മീഷന്‍ പരിശോധിക്കും. സംസ്ഥാന കമ്മറ്റി, സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്ത് ഇവര്‍ വി എസിന്റെ പരാതികള്‍ പരിശോധിക്കും.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരായ തന്റെ പരാതികള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ കത്തില്‍ വി എസ് ഉള്‍പ്പെടുത്തിയിരുന്നു. താന്‍ പങ്കെടുക്കാത്ത യോഗത്തില്‍നിന്നും വാര്‍ത്ത ചോരുന്നുണ്ടെന്നും വാര്‍ത്ത ചോര്‍ത്തി നല്‍കുന്നവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴുമുണ്ടെന്നും വി എസ് ആരോപിച്ചിരുന്നു.