കതിര്‍മണ്ഡപത്തില്‍ നിന്നിറങ്ങി വധു വിടപറയാനെത്തിയ കാമുകനൊപ്പം പോയി

അങ്കമാലി| WEBDUNIA|
PRO
താലി കെട്ടിനുമുന്‍പ് വധു കതിര്‍മണ്ഡപത്തില്‍ നിന്നിറങ്ങി സദസിലുണ്ടായിരുന്ന കാമുകന്റെയൊപ്പം പോയി. വിവാഹചടങ്ങിനെത്തിയ അന്യസംസ്ഥാനക്കാരനായ കാമുകന്റെ കൈപിടിച്ച വധു ഇതാണ് തന്നെ താലി കെട്ടേണ്ടയാളെന്ന് പറഞ്ഞത് വരനെയും കൂട്ടരെയും മറ്റും അമ്പരപ്പിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച 11 മണിക്കായിരുന്നു സംഭവം. വധുവിന്റെ വീട്ടുകാര്‍ തൃശൂര്‍ ജില്ലയിലുള്ള യുവാവുമായിട്ടാണ്‌ വിവാഹം ഉറപ്പിച്ചത്‌.

ആന്ധ്ര സ്വദേശിയായ കാമുകന്‍ ക്ഷേത്രത്തിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. പെട്ടെന്ന് അപ്രതീക്ഷിതമായി പ്രണയം വെളിപ്പെടുത്തിയ യുവതി, അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി കാമുകന്‌ നല്‍കുകയും ചെയ്തു. സിനിമാക്കഥകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളോടെയായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍.

കാമുകനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാനൊനൊരുങ്ങിയതോടെ ആരോ വിവരമറിയിച്ചതിനെത്തുടര്‍ന്നു പൊലീസെത്തി ഇരുവരേയും കൈയ്യോടെ സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയി. വരന്‍ അപ്പോഴേക്കും സ്ഥലം വിട്ടു. എന്നാല്‍ വരന്റെ ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. രണ്ടായിരത്തിലേറെ പേര്‍ക്കുള്ള വിവാഹവിരുന്നാണ്‌ വരന്റെ വീട്ടുകാരും ഏര്‍പ്പാടാക്കിയിരുന്നത്‌.

15 ദിവസത്തെ പ്രായം മാത്രമേ ഒരേ സ്ഥാപനത്തിലെ ജോലിക്കാരായ ഇരുവരുടേയും പ്രണയത്തിന്‌ ഉണ്ടായിരുന്നുള്ളൂ. കാമുകന്റെ ആദ്യ വിവാഹം കഴിഞ്ഞിട്ട്‌ ആറുമാസം ആയിരുന്നു. നാട്ടില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ വിവാഹമോചനം നേടാനിരിക്കുകയാണെന്നാണ്‌ ബന്ധുക്കള്‍ അറിയിച്ചത്‌. മാതാപിതാക്കള്‍ എത്തിയാലുടന്‍ ഇവരുടെ വിവാഹം നടത്താനുള്ള തയാറെടുപ്പിലാണ്‌. കാമുകന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലുള്ളയാളാണെന്നും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :