കണ്ണൂരിലെ കേസുകളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി; സരിതയും ബിജുവും വീണ്ടും ജയിലില്‍
കണ്ണൂര്‍|
WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പില്‍ കണ്ണൂരിലെ കേസുകളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. ഇതെത്തുടര്‍ന്ന് ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും വീണ്ടും കണ്ണൂര്‍ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. സരിതയെ വനിതാ ജയിലിലേക്കും ബിജുവിനെ സ്പെഷല്‍ സബ് ജയിലിലേക്കും മാറ്റി.
കണ്ണൂരിലെ കേസില്‍ പ്രതികളെ നാളെ വരെയാണു തളിപ്പറമ്പ് ഡിവൈഎസ്പി കെ സുദര്‍ശന്റെ കസ്റ്റഡിയില്‍ വിട്ടു കൊടുത്തിരുന്നത്. നാളെ രാവിലെ 11 വരെ സമയമുണ്ടെങ്കിലും മാധ്യമശ്രദ്ധ ഒഴിവാക്കാന്‍ ഇന്നു തന്നെ ഹാജരാക്കി. കോടതി അവധിയായതിനാലും മജിസ്ട്രേറ്റ് പനി മൂലം വിശ്രമത്തിലായതിനാലും മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിയില്‍ ഹാജരാക്കിയാണു റിമാന്‍ഡ് ചെയ്തത്. അതീവ രഹസ്യമായാണു പ്രതികളെ കൊണ്ടു വന്നത്.
മാധ്യമപ്രവര്‍ത്തകര്‍ കേട്ടറിഞ്ഞു സ്ഥലത്തെത്തുന്നതിനു മുന്‍പേ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ ജയിലിലേക്കു കൊണ്ടു പോയി. രണ്ടു ദിവസം മുന്‍പ് ഇതേ കോടതിയില്‍ സരിതയെ ഹാജരാക്കിയപ്പോള്‍ കാണികളുടെ തിക്കും തിരക്കും മൂലം കോടതി നടപടികള്‍ തടസ്സപ്പെടുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു.
സൌരോര്‍ജ പാനല്‍ വാഗ്ദാനം ചെയ്തു റിട്ട ഡിഎംഒ ഡോ പികെ ജനാര്‍ദ്ദനന്‍ നായര്‍ ഉള്‍പ്പെടെ ആറു പേരില്‍ നിന്ന് 80000 രൂപ വീതം തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂര്‍ ടൌണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണു പ്രതികളെ ചോദ്യം ചെയ്തത്. കേസില്‍ ബിജു ഒന്നാം പ്രതിയും സരിത മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി സന്തോഷ് കുമാര്‍ ഒളിവിലാണ്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കാഞ്ഞങ്ങാട്ടെ കേസുകളില്‍ ചോദ്യം ചെയ്യാന്‍ ഹോസ്ദുര്‍ഗ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് ലഭിച്ച ശേഷം പ്രതികളെ നാളെയോ മറ്റന്നാളോ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.