കച്ചവടം അടിപൊളി, താമസത്തിനായി നെട്ടോട്ടം, ചാനല്‍, സിനിമ, രാഷ്ട്രീയം - അരുവിക്കരയുത്സവം പൊടിപൊടിക്കുന്നു!

അരുവിക്കര, വി എസ്, ബാര്‍ കോഴ, സോളാര്‍, സരിത, ഉമ്മന്‍‌ചാണ്ടി
എസ് ജോസ് ചെറിയാന്‍| Last Updated: തിങ്കള്‍, 22 ജൂണ്‍ 2015 (18:41 IST)
വര്‍ഷത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പെങ്കിലും വേണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അത്രയ്ക്ക് രസകരവും ആവേശകരവുമായ കാഴ്ചകള്‍ക്കാണ് സാക്‍ഷ്യം വഹിക്കുന്നത്. തൃശൂര്‍ പൂരത്തിന് ഇത്രയും ആവേശമില്ലെന്ന് ആരും സമ്മതിക്കും. തെരഞ്ഞെടുപ്പിന്‍റെ ചൂട് തലയ്ക്കുപിടിച്ചാണ് അരുവിക്കരയിലെ കൊച്ചുകുട്ടികള്‍ പോലും ജീവിക്കുന്നത്.
 
ഈ മാസം 27 വരെ ഇതിങ്ങനെ തുടരും. അന്നാണ് അരുവിക്കരയുത്സവത്തിന്‍റെ ഫൈനല്‍ റൌണ്ട് വെടിക്കെട്ട്. വോട്ടെടുപ്പ് ദിനം വരെ അരുവിക്കരയുടെ മുക്കിലും മൂലയിലും ചാനല്‍ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും കയ്യടക്കും. പ്രചരണസമയം അവസാനിച്ചാല്‍ നിശബ്ദപ്രചരണത്തിന്‍റെ അടിയൊഴുക്കുകളും അവസാനവട്ട കളികളും.
 
ചാനലുകള്‍ അരുവിക്കരയുടെ ഓരോ ജംഗ്ഷനും ചര്‍ച്ചാവേദിയാക്കി മാറ്റുന്നു. ഓരോ പൌരനും സെലിബ്രിറ്റിയായി മാറുന്നു. ചാനലുകളില്‍ രാത്രികളില്‍ ചര്‍ച്ചകളുടെ ആഘോഷം. ചീറിപ്പായുന്ന ചാനല്‍ വാഹനങ്ങള്‍. ഓ ബി വാനുകള്‍. ചാനല്‍ പ്രവര്‍ത്തകര്‍ അരുവിക്കരയില്‍ തമ്പടിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ താമസിക്കാനുള്ള വീടുകളും മറ്റും വന്‍ തുക വാടക നല്‍കി കണ്ടെത്തുന്നു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയക്കാരും മുക്കും മൂലയും വിടാതെ കയറിയിറങ്ങുകയാണ്. സിനിമാതാരങ്ങളുടെ പട തന്നെ അരുവിക്കരയില്‍ സന്ദര്‍ശനം നടത്തുകയും പൊതുസമ്മേളനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
 
ഉപതെരഞ്ഞെടുപ്പിനല്ലാതെ മറ്റെപ്പോള്‍ ഇങ്ങനെ ഒരു നാടുമുഴുവന്‍ ആവേശത്തിമര്‍പ്പിലാറാടും? വമ്പന്‍ ഹോട്ടലുകള്‍ മുതല്‍ ചെറുകിട ചായക്കച്ചവടക്കാര്‍ വരെ നിന്നുതിരിയാന്‍ നേരമില്ലാത്ത കച്ചവടത്തിരക്കില്‍. ആര്യനാടാണ് തെരഞ്ഞെടുപ്പുചൂടിന്‍റെ കേന്ദ്രസ്ഥാനം. കീരിക്കാടനെ അടിച്ചുവീഴ്ത്തി മോഹന്‍ലാലിന്‍റെ സേതുമാധവന്‍ വിജയം നേടിയ കവലയില്‍ അതിനേക്കാള്‍ വലിയ വിജയം നേടുന്നത് ആരെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
 
ആരുജയിക്കും? വിജയകുമാറോ? രാജഗോപാലോ? ശബരീനാഥനോ? അരുവിക്കരയിലെ ഓരോ വോട്ടറും, വോട്ട് ചെയ്യാന്‍ കഴിയാത്ത കൊച്ചുകുഞ്ഞുങ്ങള്‍ പോലും ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചില റോഡുകളില്‍ക്കൂടി മുന്തിയ ഇനം വാഹനങ്ങള്‍ ചീറിപ്പായുന്നു. അനൌണ്‍സ്‌മെന്‍റുകളും, തുറന്ന വാഹനങ്ങളിലെ പ്രകടനങ്ങളും. സാക്ഷാല്‍ വി എസും എ കെ ആന്‍റണിയും ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും മണ്ഡലത്തിലാകെ പാഞ്ഞുനടന്ന് പ്രസംഗിക്കുന്നു. നിശബ്ദമായി വമ്പന്‍ സംഘാടനത്തിന്‍റെ ചുമതല ഗംഭീരമായി നിര്‍വഹിച്ച് എതിരാളികളില്ലാത്ത പിണറായി മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
 
ഇരുപത്തേഴാം തീയതിവരെ മാത്രമേയുള്ളൂ ഈ ഉത്സവപ്രതീതി എന്നോര്‍ക്കുമ്പോള്‍ അരുവിക്കരക്കാര്‍ക്കാകെ നിരാശയാണ്. കുറച്ചുനാള്‍കൂടി ഇങ്ങനെ തുടര്‍ന്നിരുന്നെങ്കില്‍...!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :