ജയകുമാര്‍ ജയ്ജി എന്ന യുവകഥാകൃത്തിന്റെ പുതിയ പുസ്തകം പേരെടുക്കുന്നത് അതിന്റെ പേരുകൊണ്ടാണ്. ജയകുമാറിന്റെ പുസ്തകത്തിന്റെ പേരെഴുതാന്‍ മാത്രം ഏഴര പേജുകള്‍ വേണ്ടി വന്നു. കഥയുടെ പേര് വളരെ ചെറിയ അക്ഷരത്തിലാണ് എഴുതിയതെങ്കിലും പുറചട്ടയിലൊന്നും പേരൊതുങ്ങിയില്ല. വീണ്ടും വേണ്ടി വന്നു ഒരു ആറര പേജ്. അതായത് ഒരു കഥയുടെ അത്രതന്നെ വലിപ്പം വേണ്ടി വന്നു പുസ്തകത്തിന്റെ പേരിന്.
‘സുഖകരമായ ജീവിതം സ്വന്തമാക്കാന്‍...’ എന്ന് തുടങ്ങുന്ന തലക്കെട്ടില്‍ 1147 വാക്കുകളും 12018 അക്ഷരങ്ങളുമുണ്ട്. ഈ തലക്കെട്ടിലൂടെ ഏറ്റവും നീളന്‍ പേരുള്ള പുസ്തകത്തിന്റെ രചയിതാവ് എന്ന ഗിന്നസ് റെക്കോര്‍ഡ് നേടാനാണ് ജയകുമാര്‍ ജയ്ജിയുടെ ആഗ്രഹം. നിലവില്‍ ഈ റെക്കോര്‍ഡ് ആന്ധ്രപ്രദേശ് സ്വദേശിയായ പ്രഫ വാംഗീപുരം ശ്രീനാഥ് ആചാരിയാണ്. 1086 വാക്കുകളും 5633 അക്ഷരങ്ങളുമാണ് ഇയാളുടെ പുസ്തക്ത്തിന്റെ തലക്കെട്ടില്‍ അടങ്ങിയിട്ടുള്ളത്.
തന്റെ പുസ്തകത്തിന്റെ തലക്കെട്ട് വെറും വാക്കുകളുടെ തുടര്‍ച്ചയല്ല. ഏതൊരാളുടെയും ജീവിതം സുഖകരമാക്കാനുള്ള 270 കാരണങ്ങളെ ചങ്ങലയിലെ കണ്ണികള്‍ പോലെ കൂട്ടിയോജിപ്പിക്കുകയാണെന്നാണ് ജയകുമാര്‍ ജയ്ജി പറയുന്നത്. ഫ്യൂച്ചര്‍ മീഡിയ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ 484 പേജുകളുണ്ട്. കൊല്ലം കൈതക്കോട് സ്വദേശിയായ ജയകുമാര്‍ ജയ്ജി ‘ഏകാകിയുടെ ഈശ്വരന്‍‘ എന്ന നോവല്‍ പ്രസിദ്ധീകരിച്ചിരുന്നു.