കൊച്ചി|
Last Updated:
തിങ്കള്‍, 12 മെയ് 2014 (10:40 IST)
ഫാക്ടിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലയില്‍ നടക്കുന്ന ഹര്‍ത്താല്‍ സമാധാനപരമാണ്. ഫാക്ട് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ സമരസഹായ സമിതിയാണ് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം 24 മണിക്കൂര്‍ വ്യവസായ പണിമുടക്കും റയില്‍ ഉപരോധവും നടക്കുന്നുണ്ട്.
വിവിധ ട്രേഡ് യൂണിയനുകളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ എറണാകുളത്ത് ട്രെയിന്‍ തടയല്‍ നടന്നു. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്താത്തത്. സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറച്ചെങ്കിലും കെ എസ് ആര്‍ ടി സി ബസുകള്‍ ഓടുന്നുണ്ട്. കടകളൊക്കെയും അടഞ്ഞുകിടക്കുകയാണ്.
ഫാക്ടിനെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 991.9 കോടിരൂപയുടെ പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 204 ദിവസമായി നടക്കുന്ന സത്യഗ്രഹത്തിന്‍റെയും 104 ദിവസമായി നടക്കുന്ന നിരാഹാര സമരത്തിന്‍റെയും തുടര്‍ച്ചയാണ് തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍.