എന്‍ഡോസള്‍ഫാന്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് തിരുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടതിന്റെ തെളിവ് ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠന റിപ്പോര്‍ട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അയച്ച കത്താണ് ചാനല്‍ പുറത്തുകൊണ്ട് വന്നിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പ്രതിനിധി എസ് ഗണേശനുമായി ആലോചിച്ച് റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തണമെന്നാണ് കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
എന്‍ഡോസള്‍ഫാനെതിരേ പഠനം നടത്തിയ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിക്കാണ് ഇത് സംബന്ധിച്ച് കത്തയച്ചത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദനു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറിയാണ് കത്തയച്ചിരിക്കുന്നത്. അടൂര്‍ പ്രകാശ് ആരോഗ്യമന്ത്രിയായിരുന്ന സമയത്താണ് കത്തയച്ചത്.
എന്നാല്‍ റിപ്പോര്‍ട്ട് തിരുത്താനാകില്ലെന്നും ഐ സി എം ആറും സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസ സമിതിയും അംഗീകരിച്ച റിപ്പോര്‍ട്ടാണിതെന്നും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി മറുപടി നല്‍കി.