തിരുവനന്തപുരം|
JOYS JOY|
Last Updated:
വ്യാഴം, 12 മാര്‍ച്ച് 2015 (10:15 IST)
പതിമൂന്നാം നിയമസഭയുടെ പുതിയ സ്പീക്കറായി എന്‍ ശക്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ ഇന്നു രാവിലെയായിരുന്നു സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ ശക്തന്‍ 74 വോട്ടുകള്‍ നേടിയാണ് സ്പീക്കറായത്. എല്‍ ഡി എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ഐഷ പോറ്റിക്ക് 66 വോട്ടുകള്‍ ആണ് ലഭിച്ചത്.
ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയടക്കം നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 141 ആണ്. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മരിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. കാര്‍ത്തികേയന്റെ സീറ്റ് ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ 140 അംഗങ്ങളും വോട്ട് ചെയ്തു.
യു ഡി എഫില്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് (ബി) എല്‍ ഡി എഫിന് വോട്ട് ചെയ്തു എന്നതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. മുഖ്യമന്ത്രി ആയിരുന്നു ആദ്യം വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ ഒമ്പതരയോടെ ആയിരുന്നു തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ സ്പീക്കര്‍ ആയ സാഹചര്യത്തില്‍ പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പും ഉടനുണ്ടാകും.