എംഎല്‍എയെ കാണാനില്ലെന്ന പരാതി: രാഹുല്‍ ക്ലബ്ബില്‍ അംഗത്വം എടുക്കാനാണ് താന്‍ കൊല്ലത്തുനിന്നും പോയതെന്ന് മുകേഷ്

എംഎല്‍എയും സിനിമാ താരവുമായ മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച പൊലീസിന്റെ നടപടി വിവാദമാകുന്നു

കൊല്ലം, മുകേഷ്, സി പി എം, കോണ്‍ഗ്രസ് kollam, mukesh, CPM, congress
കൊല്ലം| സജിത്ത്| Last Modified ശനി, 25 ജൂണ്‍ 2016 (09:30 IST)
എംഎല്‍എയും സിനിമാ താരവുമായ മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച പൊലീസിന്റെ നടപടി വിവാദമാകുന്നു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം നല്‍കിയ പരാതി സ്വീകരിച്ച് കൊല്ലം വെസ്റ്റ് പൊലീസ് രസീത് നല്‍കുകയും ചെയ്തിരുന്നു. രസീത് നല്‍കിയ എസ് ഐയുടെ നടപടിയാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്.

അതേ സമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കൂട്ടുപിടിച്ചാണ് മുകേഷ് ഇതിനു മറുപടി നല്‍കിയത്. രാഹുല്‍ ക്ലബ്ബില്‍ അംഗത്വം എടുക്കാന്‍ പോയതാണ്. നാലുമാസമെങ്കിലും വീട്ടില്‍ പറയാതെ വിദേശത്ത് പോയാലെ അംഗത്വം തരു എന്നുംപറഞ്ഞ് തന്നെ അവിടെ നിന്നും മടക്കി അയച്ചെന്നും പറഞ്ഞാണ് അദ്ദേഹം യൂത്ത് കോണ്‍ഗ്രസുകാരെ പരിഹസിച്ചത്. കൊല്ലംകാരുടെ തമാശയായിട്ടെ പരാതിയെ കാണുന്നുള്ളുയെന്നും താന്‍ പറയുന്ന തമാശ അവരും കേള്‍ക്കേണ്ടി വരുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

തത്കാലം രാജിവെക്കാനൊന്നും തനിക്ക് ഉദ്ദേശമില്ല. മറ്റൊന്നുംകൊണ്ടല്ല സ്ഥാനാര്‍ത്ഥിയാവാന്‍ യു ഡി എഫുകാര്‍ കുട്ടയടി നടത്തുന്നത് ഒഴിവാക്കാനാണത്. മാധ്യമശ്രദ്ധ നേടുകയെന്നതാണ് പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസുകാരുടെ ശ്രമം. ഇതിനെതിരെ താന്‍ നിയമനടപടി സ്വീകരിക്കുമെന്നും മുകേഷ് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞ് ആരെങ്കിലും പരാതി നല്‍കിയാല്‍ ആ പരാതിയും പൊലീസ് സ്വീകരിച്ച് രസീത് നല്‍കുമോയെന്നും മുകേഷ് ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തുകയും പരാതി നല്‍കുകയും ചെയ്ത ദിവസം താന്‍ ആനന്ദവല്ലീശ്വരത്തെ എംഎല്‍എ ഓഫീസിലാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി ഓഫീസില്‍ അന്വേഷിച്ചാല്‍ താന്‍ എവിടെയാണെന്നറിയാം. അവിടെ പറഞ്ഞിട്ടേ എങ്ങോട്ടും പോവുകയുള്ളൂ. ഒരു കലാകാരന്‍ കൂടിയാണ് താന്‍ എന്നും മുകേഷ് ഓര്‍മ്മിപ്പിച്ചു. കൂടാതെ ബോംബ് സ്ഫോടനമുണ്ടായ ദിവസം പൊലീസ് കമ്മിഷണറോട് വിവരങ്ങള്‍ തിരക്കിയിരുന്നു. വൈകീട്ട് കൊല്ലത്ത് മുഖ്യമന്ത്രി വന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കുകയും ചെയ്തെന്ന് മുകേഷ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കാണിച്ചാണ് കൊല്ലം വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം പരാതിനല്‍കിയത്. എംഎൽഎയെ കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് ഇത്തരമൊരു പരാതിയുമായി മുന്നിട്ടിറങ്ങിയതെന്നും പ്രകൃതിക്ഷോഭങ്ങള്‍ മൂലം കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :