ന്യൂഡൽഹി|
സജിത്ത്|
Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (17:45 IST)
നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് അടപ്രഥമനും പാൽപായസവുമുൾപ്പെട്ട സദ്യയൊരുക്കി കേരളഘടകം. സി പി എം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ഇടവേളയിൽ കേരള ഹൗസിലെ പ്രധാന കന്റീനിലാണു പാർട്ടി വിരുന്നൊരുക്കിയത്.
എന്നാൽ, മുതിർന്ന നേതാവ്
വി എസ് അച്യുതാനന്ദൻ വിരുന്നിൽ പങ്കെടുത്തില്ല. മകൻ വി എ അരുൺ കുമാറിനൊപ്പമെത്തിയ അച്യുതാനന്ദൻ നേതാക്കൾക്കു മുഖം നൽകാതെ സ്വന്തം മുറിയിലേക്കു പോകുകയും ആ മുറിയിലിരുന്ന് തന്നെ ഭക്ഷണം കഴിച്ചതും ശ്രദ്ധിക്കപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേർന്നാണ് കേരള ഹൗസിൽ നേതാക്കളെ സ്വീകരിച്ചത്. കേരള വിഭവങ്ങള്‍ക്ക് പുറമേ ഉത്തരേന്ത്യൻ വിഭവങ്ങളും വിരുന്നിനായി ഒരുക്കിയിരുന്നു. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കെല്ലാം കേരള വിഭവങ്ങളോടായിരുന്നു ഏറെ പ്രിയമെന്നതും ശ്രദ്ധേയമായി.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബിമൻ ബോസ്, സുർജ്യകാന്ത് മിശ്ര തുടങ്ങിയവർ വിരുന്നില്‍ പങ്കെടുത്തു. യോഗവേദിയായ എ കെ ജി സെന്ററിൽ നിന്നു നേതാക്കളെ കേരള ഹൗസിലെത്തിക്കാൻ ബസ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു.