എംഎല്‍എമാര്‍ പുറത്തു പോകണമെന്ന് സ്പീക്കര്‍; സമ്മേളനം വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു; ഇനി 23ന് ചേരും

തിരുവനന്തപുരം| JOYS JOY| Last Updated: തിങ്കള്‍, 16 മാര്‍ച്ച് 2015 (12:27 IST)
വിവാദമായ നടപടികളുടെ പശ്ചാത്തലത്തില്‍ സഭ പിരിഞ്ഞു. പ്രതിപക്ഷത്തു നിന്നുള്ള അഞ്ച് എം എല്‍ എമാര്‍ക്ക് എതിരെ സസ്പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചാണ് സഭ പിരിഞ്ഞത്. സസ്പെന്‍ഷന്‍ നേരിട്ട എം എല്‍ എമാര്‍ പുറത്തു പോകണമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പുറത്തുപോകാന്‍ എം എല്‍ എമാര്‍ തയ്യാറായില്ല. അതേസമയം, എം എല്‍ എമാരെ പിടിച്ചു പുറത്താക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ബജറ്റ് സമ്മേളനകാലയളവില്‍ ഈയാഴ്ച ഇനി നിയമസഭ ചേരില്ല. മൂന്നുദിവസം നടക്കേണ്ടിയിരുന്ന ബജറ്റ് ചര്‍ച്ച ഇന്നത്തെ ചര്‍ച്ച മാത്രമാക്കി വെട്ടിച്ചുരുക്കി. വോട്ട് ഓണ്‍ അക്കൌണ്ട് 23ആം തിയതി ചേരുന്ന നിയമസഭ പാസാക്കും.

അതേസമയം, സഭയിലെ കയ്യാങ്കളിയുടെ പേരില്‍ അഞ്ച് പ്രതിപക്ഷാംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വനിത എം എല്‍ എമാരോട് അപമര്യാദയായി പെരുമാറിയ ഭരണകക്ഷി എം എല്‍ എമാര്‍ക്കെതിരെ നടപടിയില്ല.

നിയമാനുസൃതം ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന പ്രതിപക്ഷ ആരോപണം വി എസ് ഇന്നും നിയമസഭയില്‍ ആവര്‍ത്തിച്ചു. സഭ ചേര്‍ന്നത് ചട്ടപ്രകാരമാണോയെന്ന് വി എസ് ചോദിച്ചു. സഭയില്‍ നടന്നത് ലൈംഗിക പീഡനമാണ്. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കര്‍ കസേരയിലുണ്ടായിരുന്നില്ല. സഭയില്‍ അന്നു നടന്ന ദൃശ്യങ്ങള്‍ പരിശോധിക്കണം. ബജറ്റ് അവതരിപ്പിക്കുന്നത് കുട്ടികളിയാണോയെന്ന് ചോദിച്ച വിഎസ് പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന് കുറ്റപ്പെടുത്തി.

ധനമന്ത്രി കെ എം മാണി എന്തോ പുലമ്പുന്നത് കണ്ടു. അതുകഴിഞ്ഞപ്പോള്‍ 82 കഴിഞ്ഞ ധനമന്ത്രി കെ എം മാണിയെ തുരുതുരാ ചുംബിക്കുന്നതും കണ്ടു. ഇതെന്താ? നിയമസഭയ്ക്കുള്ളില്‍ ചുംബനസമരമാണോ നടക്കുന്നതെന്നും വി എസ് ചോദിച്ചു. അതിനുശേഷം ലഡുവിതരണം നടത്തുന്നത് കണ്ടു. എന്തൊക്കെ നടപടികള്‍ ഉണ്ടായാലും സഭാനടപടികള്‍ കളങ്കപൂര്‍ണമാണെന്ന് ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സ്പീക്കര്‍ ചൂട്ടു പിടിക്കുകയാണെന്നും വി എസ് സഭയില്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :