ഉമ്മന്‍ ചാണ്ടി ഗൂഗിള്‍ ഹാങ്‌ഔട്ടില്‍; 50 ലക്ഷം വിദ്യാര്‍ഥികളുമായി സംസാരിക്കും

തിരുവനന്തപുരം | WEBDUNIA|
PRO
PRO
സ്വയം സംരംഭകത്വ ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 50 ലക്ഷം വിദ്യാര്‍ഥികളുമായി ഗൂഗിള്‍ ഹാങ്‌ഔട്ടിലൂടെ സംസാരിക്കും. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ ഒന്നര വരെയാണ്‌ ഗൂഗിള്‍ ഹാങ്‌ഔട്ടിന്റെ സമയം. പത്തുമിനിറ്റാണ്‌ മുഖ്യമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നത്‌. മുഖ്യമന്ത്രിയ്‌ക്കൊപ്പം വ്യവസായ-ഐടി വകുപ്പ്‌ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ടാകും.

ഗൂഗിള്‍ പ്ലസ്സിന്റെ വീഡിയോ ചാറ്റ്‌ സംവിധാനമാണ്‌ ഗൂഗിള്‍ ഹാങ്‌ഔട്ട്‌. ഒരേസമയം അനേകരോട്‌ മുഖാമുഖം സംസാരിക്കാന്‍ ഇത്‌ അവസരം നല്‍കുന്നു. വിദ്യാര്‍ഥികളെ കൂടാതെ വെബ്‌ ബ്രൗസറുള്ള ആര്‍ക്കും ഇതു കാണാന്‍ കഴിയും. യു ട്യൂബിലൂടെയും (www.youtube.com/oommenchandykerala) ഹാങ്‌ഔട്ട്‌ ഇന്‍ എയറിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശം തത്സമയം സംപ്രേഷണം ചെയ്യും.

കളമശ്ശേരിയില്‍ തുടങ്ങിയ സ്‌റ്റാര്‍ട്ടപ്പ്‌ വില്ലേജില്‍ മാത്രം ഐടി/ടെലികോം മേഖലയില്‍ ആയിരത്തില്‍പരം നൂതന ആശയങ്ങളാണ്‌ എത്തിയത്‌. ഇത്‌ കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കല-സംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ്‌ സംരംഭകത്വദിനം ആചരിക്കുന്നത്‌. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സംരംഭകത്വദിനം ആചരിക്കുന്നതാണ്‌. ഇതോടനുബന്ധിച്ച്‌ വ്യാഴാഴ്‌ച സെക്രട്ടേറിയറ്റിനു മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ സ്‌റ്റാര്‍ട്ടപ്പ്‌ ഭിത്തി സജ്‌ജീകരിക്കും. രാവിലെ 8.30ന്‌ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :