സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം: വാര്‍ത്ത നിഷേധിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. താന്‍ പറഞ്ഞ കാര്യങ്ങള്‍ പത്രം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രമായ ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തിലാണ് വാര്‍ത്ത വന്നത്.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതായാണ് വാര്‍ത്ത വന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാരിനും തനിക്കും തുറന്ന സമീപനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ രാജി ആവശ്യപ്പെടുന്നതും വഴിതടയല്‍ സമരം നടത്തുമെന്ന ഭീഷണിയും ഉപേക്ഷിക്കണം. ജുഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ മന്ത്രിമാര്‍ രാജിവച്ച പാരമ്പര്യമില്ല. ഇഎംഎസ്. സര്‍ക്കാരിന്റെ കാലത്ത് അരി കുംഭകോണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ അന്നത്തെ ഭക്ഷ്യമന്ത്രി കെസി ജോര്‍ജ് രാജിവച്ചിരുന്നില്ലായെന്നും ഉമ്മന്‍ ചാണ്ടി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല മുഖ്യമന്ത്രിയെയും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടാത്ത ജുഡീഷ്യല്‍ അന്വേഷണം പ്രഹസനമായിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരുമായി യാതൊരു ചര്‍ച്ചയും നടത്തില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :