ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സിബിഐ അറസ്റ്റുചെയ്ത ഡിവൈഎസ്പി എന്‍ അബ്ദുള്‍ റഷീദിനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തു. സി ബി ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കസ്റ്റഡി മര്‍ദ്ദനത്തിനാണ് കേസെടുത്തിരിക്കുന്നത്. സി ബി ഐ കൊച്ചി യൂണിറ്റ് എസ്പിയടക്കം മൂന്നു പേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അബ്ദുള്‍ റഷീദിന്റെ സഹോദരന്‍ ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പൊലീസ് ആണ് കേസ് ഏറ്റുത്തിരിക്കുന്നത്. സി ബി ഐ കൊച്ചി യൂണിറ്റ് എസ്പി കൃഷ്ണകുമാര്‍, ഉണ്ണിത്താന്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥനായ ജയകുമാര്‍, കണ്ടാലറിയാവുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് നോര്‍ത്ത് പൊലീസില്‍ റഷീദിന്റെ സഹോദരന്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ബോധപൂര്‍വം മാരകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതിന് സെക്ഷന്‍ 324 ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മജിസ്ട്രേറ്റിന്റെ അനുമതി പോലുമില്ലാതെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാവുന്ന വകുപ്പാണിത്.