‘4 ഫ്രണ്ട്സ്’ കോപ്പിയടിയെന്ന്, സജിക്കെതിരെ വീണ്ടും കേസ്!
WEBDUNIA|
PRO
‘നോ എന്‍ട്രി’ എന്ന ചിത്രം കോപ്പിയടിച്ചാണ് ‘ഹാപ്പി ഹസ്ബന്‍ഡ്സ്’ എന്ന മലയാളം ഹിറ്റ് സൃഷ്ടിച്ചതെന്ന് ആരോപിച്ച് സംവിധായകന്‍ സജി സുരേന്ദ്രനും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയ്ക്കും ജയറാം ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കുമെതിരെ ഒരാള്‍ കേസുകൊടുത്തത് ഓര്‍മ്മ കാണുമല്ലോ. തിരുവനന്തപുരം സ്വദേശിയായ ഡാനി ജെ പോള്‍ എന്നയാളാണ് കേസ് കൊടുത്തത്. അതേയാള്‍, വീണ്ടും സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയ്ക്കുമെതിരെ കേസ് കൊടുത്തിരിക്കുന്നു.
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഫോര്‍ ഫ്രണ്ട്സ്’ എന്ന സിനിമ ‘ബക്കറ്റ് ലിസ്റ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ കോപ്പിയടിയാണെന്ന് ആരോപിച്ചാണ് കേസ്. സജിയും കൃഷ്ണയും മാത്രമല്ല, സിനിമയില്‍ അതിഥിവേഷത്തില്‍ അഭിനയിച്ച സാക്ഷാല്‍ കമലഹാസന്‍ വരെ കേസിലെ പ്രതികളാണ്.
ഈ രണ്ടു സിനിമകളിലെയും കേന്ദ്ര കഥാപാത്രങ്ങള്‍ കാന്‍സര്‍ രോഗികളാണ്. അവര്‍ അവരുടെ അന്ത്യാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനായി നടത്തുന്ന യാത്രയാണ് ബക്കറ്റ് ലിസ്റ്റിന്‍റെയും ഫോര്‍ ഫ്രണ്ട്സിന്‍റെയും പ്രമേയം. എന്നാല്‍ ബക്കറ്റ് ലിസ്റ്റ് മോഷ്ടിച്ചല്ല ഫോര്‍ ഫ്രണ്ട്സ് ഉണ്ടാക്കിയതെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറയുന്നു.
“തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര ബക്കറ്റ് ലിസ്റ്റ് കണ്ടിട്ടില്ല. ഫോര്‍ ഫ്രണ്ട്സ് ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം ഞാന്‍ ആ സിനിമ കണ്ടിരുന്നു. ജീവിതം ആഘോഷമാക്കുന്നതിനെക്കുറിച്ചായിരുന്നു ഞങ്ങളുടെ സിനിമ. ബക്കറ്റ് ലിസ്റ്റില്‍ നിന്ന് ഒരു സീനോ ഒരു ഡയലോഗോ പോലും ഞങ്ങള്‍ ഫോര്‍ ഫ്രണ്ട്സിന് വേണ്ടി എടുത്തിട്ടില്ല” - ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സജി സുരേന്ദ്രന്‍ വ്യക്തമാക്കി.
“ഈ കേസുകള്‍ നല്‍കിയ ആള്‍ ഒന്നുകില്‍ ഞങ്ങളുടെ ടീമിലെ ആരെയോ ലക്‍ഷ്യം വയ്ക്കുന്നു. അല്ലെങ്കില്‍ സെലിബ്രിറ്റീസിനെ നിയമക്കുരുക്കില്‍ പെടുത്തി ചീപ്പ് പബ്ലിസിറ്റി നേടാന്‍ ശ്രമിക്കുന്നു. ഇങ്ങനെയൊക്കെയുള്ള കാര്യത്തിന് കേസ് നല്‍കാനാണെങ്കില്‍ പാശ്ചാത്യ സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിച്ചിട്ടുള്ള എല്ലാ സിനിമകള്‍ക്കുമെതിരെ കേസ് കൊടുക്കേണ്ടിവരും” - സജി സുരേന്ദ്രന്‍ വ്യക്തമാക്കി.