‘കിളിരൂര്‍ ശാരി’യുടെ മകള്‍ ‘അടയാളങ്ങള്‍’ ഏറ്റുവാങ്ങി!

WEBDUNIA|
PRO
PRO
പറഞ്ഞതൊന്ന് പ്രവര്‍ത്തിക്കുന്നതൊന്ന് എന്ന നിലയിലേക്ക് കേരള മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ അധപതിച്ചു എന്ന് കുറ്റപ്പെടുത്തുന്ന ‘ചുവന്ന അടയാളങ്ങള്‍’ എന്ന പുസ്തകം കിളിരൂര്‍ സ്ത്രീപീഡനക്കേസില്‍ കൊല്ലപ്പെട്ട ശാരിയുടെ മകള്‍ സ്നേഹ ഏറ്റുവാങ്ങി. വി‌എസിന്റെ പഴയ അഡിഷണല്‍ സെക്രട്ടറിയായ വി‌എം ഷാജഹാന്‍ എഴുതിയ ഈ പുസ്തകം സ്നേഹയ്ക്ക് നല്‍‌കി പ്രകാശിപ്പിച്ചത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബി‌ആര്‍‌പി ഭാസ്കറാണ്. തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ശാരി എസ് നായരുടെ അച്ഛന്‍ സുരേന്ദ്രന്‍, എസ് സുശീലന്‍, എംആര്‍ മുരളി, ടികെ വിനോദന്‍, എന്‍എം പിയേഴ്‌സണ്‍, എന്നിവര്‍ പങ്കെടുത്തു.

കടുത്ത ഭാഷയിലാണ് വി‌എസിനെ ചുവന്ന അടയാളങ്ങളില്‍ ഷാജഹാന്‍ വിമര്‍ശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവില്‍നിന്നു മുഖ്യമന്ത്രി ആയപ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം വാഗ്ദാനങ്ങള്‍ നിറവേറ്റാതെ പറ്റിക്കുകയായിരുന്നുവെന്ന് ഷാജഹാന്‍ എഴുതുന്നു. സിപിഎമ്മിന്റെ തൊണ്ടയില്‍ കുരുങ്ങിയ മുള്ളാണ്‌ വിഎസ്‌ അച്യുതാനന്ദനെന്ന്‌ പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് ബിആര്‍പി ഭാസ്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഞ്ചു വര്‍ഷത്തെ ഭരണം തൃപ്‌തികരമല്ല. ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു സീറ്റു ലഭിച്ചാലും ഇല്ലെങ്കിലും വരുംതലമുറയ്ക്ക്‌ മാതൃകയാകാന്‍ കഴിയുന്ന ഒരു രാജ്യ തന്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹം അറിയപ്പെടുമെന്നും ബിആര്‍പി ഭാസ്കര്‍ പറഞ്ഞു.

“പെണ്‍വാണിഭ സംഘങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നരാധമന്‍മാരെ കൈയാമം വച്ചു റോഡിലൂടെ നടത്തിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുന്നതില്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഒരിഞ്ചെങ്കിലും മുന്നോട്ടു പോകാന്‍ അച്യുതാനന്ദനു കഴിഞ്ഞില്ല. കിളിരൂര്‍ കേസിലെ ശാരിയുടെ മാതാപിതാക്കളെയും കുട്ടിയെയും വീട്ടിലും ഓഫിസിലും വച്ചു കാണാനും നിവേദനം വാങ്ങാനും താത്പര്യം കാണിച്ച വി.എസ് പിന്നീട് അവരെ കാണാന്‍ പോലും കൂട്ടാക്കിയില്ല. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയും ബന്ധു റൗഫും വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നപ്പോള്‍ ആ അവസരം മുതലെടുക്കുകയാണ് വിഎസ് ചെയ്തത്.”

“തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു സിപിഎം മുന്‍ എംഎല്‍എയുടെ മകള്‍, ഒരു എസ്പിയുടെ പീഡനം മൂലം തന്‍റെ കുടുംബം തകര്‍ന്ന കഥ വിഎസിനെ നേരില്‍ കണ്ടു വിവരിക്കുകയും രേഖാ മൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രശ്നത്തില്‍ ഗൗരവമായി ഇടപെടാം എന്നായിരുന്നു വി.എസ് അവര്‍ക്കു നല്‍കിയ ഉറപ്പ്. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ ഇതേ വിഎസിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ ഉദ്യോഗസ്ഥനു ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കി. ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ വിഎസിന്‍റെ ഭാഗത്തു നിന്നുണ്ടായത്.”

“വി‌എസിന്റെ വിഎ അരുണ്‍കുമാറിന്‍റെ ഗോള്‍ഫ്ക്ലബ്ബ് അംഗത്വവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ ക്ലബ്ബില്‍ അംഗത്വമെടുത്തതിനെയും, മദ്യപാനത്തെ പോലും പരസ്യമായി ന്യായീകരിക്കാന്‍ വിഎസ് ശ്രമിച്ചു. മകന്‍ ക്ലബ്ബില്‍ അംഗത്വമെടുത്തത് ചക്കാത്തിലല്ലല്ലോ, കളിച്ചു ക്ഷീണിക്കുമ്പോള്‍ മദ്യപിക്കുന്നതില്‍ എന്താണു തെറ്റ് എന്നിങ്ങനെയാണ് വിഎസ് പ്രതികരിച്ചത്. ഇത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പു സൃഷ്ടിച്ചു” - ഇങ്ങിനെ പുസ്തകം കത്തിക്കാളിക്കയറുകയാണ്.

പിണറായിയുടെ സ്ഥാനം തെറിപ്പിക്കാന്‍ വിഎസ് യത്‌നിച്ചതിന് തെളിവും ചുവന്ന അടയാളങ്ങളില്‍ നല്‍‌കിയിട്ടുണ്ട്. ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പോളിറ്റ്ബ്യൂറോയ്ക്ക് വിഎസ് എഴുതിയ രണ്ട് കത്തുകള്‍ പുസ്തകത്തിലുണ്ട്. പക്ഷെ, വിഎസ് എഴുതിയ ഈ രണ്ടുകത്തുകള്‍ക്കും പിബി പുല്ലുവിലയാണ് നല്‍‌കിയതെന്നും ഷാജഹാന്‍ പുസ്തകത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തുനില്‍‌ക്കേ, വിവാദങ്ങളുമായി ഇറങ്ങിയ ഈ പുസ്തകം രാഷ്‌ട്രീയവൃത്തങ്ങളില്‍ ചലനം ഉണ്ടാക്കും എന്നുറപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :