തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 19 ജൂണ്‍ 2016 (12:48 IST)
മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഈ സര്‍ക്കാരിന് ഏകാധിപത്യ പ്രവണതയാണുള്ളത്. വളരെ നിഷേധാത്മകമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതലുളള പിണറായി വിജയൻ സത്യം മറച്ചുവയ‍്ക്കാനാണ് ശ്രമിക്കുന്നതെന്നും സുധീരൻ ആരോപിച്ചു.
തലശേരിയില്‍ അണികളുടെ പ്രവര്‍ത്തിയും അവരുടെ ആജ്ഞ അനുസരിച്ച് പൊലീസ് പ്രവര്‍ത്തിക്കുന്നതിനേയും പരോക്ഷമായി ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുന്ന സമീപനം സിപിഎം തിരുത്താന്‍ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ദലിത് യുവതികളെ അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ച് പൊലീസിനോട് ചോദിക്കണമെന്ന് പ്രതികരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെയും സുധീരൻ ചോദ്യം ചെയ്തു. എല്ലാം പൊലീസിനോട് ചോദിക്കാനാണെങ്കിൽ എന്തിനാണ് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും, പൊലീസ് ഭരിച്ചാൽ പോരെയെന്നും സുധീരൻ ചോദിച്ചു.
മുഖ്യമന്ത്രി എവിടെ ആയിരുന്നാലും തത്സമയം റിപ്പോര്‍ട്ട് ലഭ്യമാക്കാനുള്ള സാഹചര്യം ഇന്ന് നിലവിലുണ്ട്. ഇക്കാര്യത്തില്‍ ഒന്നുകില്‍ ആഭ്യന്തര വകുപ്പിന് വലിയ പിഴവ് സംഭവിച്ചു. അല്ലെങ്കില്‍ സത്യം മറച്ചുവെക്കാനുള്ള ശ്രമമാണ് നടന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരുന്ന ഒരു വ്യക്തി മുഖ്യമന്ത്രി ആയപ്പോള്‍
ഇത്തരമൊരു സമീപനം ആരും പ്രതീക്ഷിച്ച് കാണില്ലെന്നും സുധീരന്‍ ആരോപിച്ചു. അതേസമയം അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ എന്തും ആകാമെന്നാണ് സിപിഎമ്മിന്റെ ധാരണയെന്ന് ഉമ്മന്‍ചാണ്ടിയും ആരോപിച്ചു.