ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ് തന്നെ സ്വന്തം ചരമവാര്‍ത്ത എഴുത്തിവച്ചയാള്‍ മരിച്ചു!

പത്തനംതിട്ട| WEBDUNIA|
PRO
PRO
ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ് തന്നെ സ്വന്തം ചരമവാര്‍ത്ത എഴുത്തിവച്ചയാള്‍ മരിച്ചു. പത്തനംതിട്ട എസ്‌എന്‍ഡിപി യൂണിയന്‍ ഓഫിസിലെ മുന്‍ ഹെഡ്‌ ക്ലാര്‍ക്ക്‌ ടി വി ഗോപാലനാണ്(98) വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ സ്വന്തം ചരമവാര്‍ത്ത എഴുത്തിവച്ചിരുന്നത്.

1992ല്‍ ആണ്‌ ഗോപാലന്‍ സ്വന്തം ചരമക്കുറിപ്പ്‌ എഴുതി കുടുംബാംഗങ്ങളെ അറിയിച്ച്‌ അലമാരയില്‍ ഭദ്രമായി വച്ചത്‌. ഇന്നലെ മരിച്ചപ്പോഴാണ്‌ ഭാര്യ ഭാര്‍ഗവിയമ്മ ഇത്‌ ഓര്‍ത്തെടുത്ത്‌ ബന്ധുക്കളെ അറിയിച്ചത്‌. താന്‍ ഭാരവാഹിത്വം വഹിച്ച പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും വിവരങ്ങളും ചരമക്കുറിപ്പില്‍ വ്യക്‌തമാക്കിയിരുന്നു.

എസ്‌എന്‍ഡിപി യൂണിയന്‍ സ്റ്റാഫ്‌ അസോസിയേഷന്റെ സംഘാടകനും ആദ്യകാല പ്രസിഡന്റുമായിരുന്നുവെന്നും യൂണിയനു കീഴിലുള്ള പല സ്ഥാപനങ്ങളുടെയും പ്രതിനിധിയും ആണെന്നും അദ്ദേഹം ചരമക്കുറിപ്പില്‍ വ്യക്‌തമാക്കിയിരുന്നു.

മൂന്നു പേജ്‌ വരുന്ന ചരമക്കുറിപ്പില്‍ ചരമവാര്‍ത്തയോടൊപ്പം താന്‍ മരിച്ചാല്‍ മക്കള്‍ ചെയ്യേണ്ടാ കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിരുന്നു. തൊണ്ണൂറ്റിയാറാം വയസ്സില്‍ മരിക്കുമെന്ന പ്രതീക്ഷയും ചരമക്കുറിപ്പില്‍ പങ്കുവച്ചിട്ടുണ്ടെങ്കിലും അതും കഴിഞ്ഞ്‌ രണ്ടു വര്‍ഷം കഴിഞ്ഞാണ്‌ അദ്ദേഹം മരിച്ചത്‌.

തന്റെ മക്കള്‍ക്ക് പേരിടുന്നതിലും ഇദ്ദേഹം വിത്യസ്തനായിരുന്നു. റോസമ്മ, ആമിന, അശോക്‌ സിങ്‌ എന്നിവരാണ്‌ മക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :