ഇടിമിന്നലേറ്റ് ഗജവീരന്‍ ചരിഞ്ഞു

കോട്ടയം| WEBDUNIA|
PRO
PRO
പാലാ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടിമിന്നലേറ്റ് ചരിഞ്ഞു. ചിറക്കടവ് സ്വദേശി തിരുവപ്പള്ളില്‍ ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള ചാപ്പമറ്റം കൃഷ്ണന്‍കുട്ടി എന്ന ആനയാണ് ചരിഞ്ഞത്. കേരളത്തിലെ ഏറ്റവും വലിയ ചെവിയുള്ള ആനയായിരുന്നു കൃഷ്ണന്‍കുട്ടി.

കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് മുന്നോടിയായി കുളിപ്പിച്ച് സമീപമുള്ള തെങ്ങിന്‍തോപ്പിലെ കവുങ്ങില്‍ ബന്ധിച്ച് അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് ആനയ്ക്ക് ഇടിമിന്നലേറ്റത്. ഈ സമയം പാപ്പാന്‍ ശശി ഉത്സവകമ്മിറ്റി ഓഫീസിലായതിനാല്‍ രക്ഷപ്പെട്ടു. ഇടിമിന്നലേറ്റ് വീണ ആന ഉടന്‍തന്നെ ചരിഞ്ഞു. 45 വയസ്സുള്ള ലക്ഷണമൊത്ത നാടന്‍ ആനയായിരുന്നു. വലിയ തലക്കുന്നിയും വായുകുംഭവും തേന്‍‌നിറമുള്ള കണ്ണുകളും കൊണ്ട് ആനപ്രേമികളുടെ ഹരമായിരുന്നു കൃഷ്ണന്‍‌കുട്ടി.

മൂന്നുദിവസം മുമ്പാണ് കടപ്പാട്ടൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്നത്. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ആനയുടെ മൃതദേഹം ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റി ഉടമസ്ഥന്റെ പുരയിടത്തിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം നടത്തി മറവ് ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായാണ് ഉത്സവ ചടങ്ങുകള്‍ നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :