ആശ്രാമം ഗസ്റ്റ് ഹൌസില്‍ കൂട്ടത്തല്ല്!

കൊല്ലം| WEBDUNIA|
കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ ജീവനക്കാരും കേരള ദളിത് മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകരും തമ്മില്‍ കൂട്ടത്തല്ല് നടന്നു‍. ഗസ്റ്റ് ഹൗസിലെ ഒരു ജീവനക്കാരി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കൂട്ടയടി അരങ്ങേറിയത്.

ഗസ്റ്റ് ഹൗസിലെ ചില ജീവനക്കാര്‍ ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ദളിത് മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ഗസ്റ്റ് മാനേജരെ കാണുകയായിരുന്നു. സമാധാനപരമായാണ് ചര്‍ച്ച തുടങ്ങിയത്. എന്നാല്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസ് മാനെജരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് കണ്ട മറ്റ് ജീവനക്കാര്‍ അദ്ദേഹത്തെ രക്ഷിക്കാനെത്തി. എന്നാല്‍ അവര്‍ക്കും പൊതിരെ തല്ല് കിട്ടി. ഗത്യന്തരമില്ലാതെ അവരും തിരിച്ച് തല്ലിയപ്പോള്‍ ഗസ്റ്റ് ഹൌസ് കൂട്ടത്തല്ലിന് വേദിയാവുകയായിരുന്നു.

എന്നാല്‍ ഗസ്റ്റ് ഹൗസിലെ തന്നെ ചില ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :