ആറന്മുളയുടെ പൈതൃക സംരക്ഷണത്തിന്‌ സന്ന്യാസി സമ്മേളനം

ആറന്മുള : | WEBDUNIA|
PTI
PTI
പൈതൃക ഗ്രാമമായ ആറന്മുളയുടെ പരിസ്ഥിതിയ്ക്കും സംസ്കൃതിക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും നേരെ ഉയര്‍ന്നു വന്നിട്ടുള്ള ഭീഷണികളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്ത്‌ ഭാവി പരിപാടികള്‍ക്ക്‌ രൂപം നല്‍കുന്നതിന്‌ സന്ന്യാസി ശ്രേഷ്ഠന്മാരുടെ ഉന്നത നേതൃസമ്മേളനം 14 ന്‌ കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തില്‍ ചേരും. ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതിയാണ്‌ സന്ന്യാസി സമ്മേളനത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

വിവിധ സമ്പ്രദായങ്ങളിലും പരമ്പരകളിലുപെട്ട സന്യാസി ശ്രേഷ്ഠന്മാരുടെയും ആദ്ധ്യാത്മികചാര്യന്മാരുടെയും ഈ സംയുക്തസമ്മേളനം ചിന്മയാമിഷന്‍ സംസ്ഥാന ആചാര്യന്‍ സ്വാമി വിവിക്താനന്ദ ഉദ്ഘാടനം ചെയ്യും. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ മഹരാജ്‌ അധ്യക്ഷത വഹിക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ചരിത്രവും ആധ്യാത്മികപൈതൃകവും ആചാരാനുഷ്ഠാനങ്ങളുമായി ഇഴചേര്‍ന്നിട്ടുള്ള പുത്തരിക്കണ്ടവും നീര്‍ത്തടവും ക്ഷേത്രക്കാവുകളും പരിരക്ഷിക്കുന്നതിനു വേണ്ടി വിപുലമായ കര്‍മ്മ പദ്ധതിയ്ക്ക്‌ സന്ന്യാസി സമ്മേളനം രൂപം നല്‍കും.

ആറന്മുള പള്ളിയോടവും പള്ളിവിളക്കും കണ്ണാടിയും പുത്തരിക്കണ്ടവും എല്ലാമടങ്ങുന്ന പൈതൃകഗ്രാമത്തിന്റെ ചിരകാല സംസ്കൃതിയെ ഒന്നാകെ നശിപ്പിക്കുന്നതിന്‌ സമീപകാലത്ത്‌ നടക്കുന്ന അധിനിവേശങ്ങള്‍ക്കെതിരെ ജനമനഃസാക്ഷിയെ ഉണര്‍ത്തുവാനും ജനാഭിപ്രായം സ്വരൂപിക്കുവാനും വേണ്ടിയുള്ള സംരംഭങ്ങളെക്കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്യുമെന്ന്‌ കണ്‍വീനര്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :