ആറന്മുളയില്‍ നേരറിയാന്‍ സിബിഐ!

പത്തനംതിട്ട: | WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവളത്തിനുപിന്നിലെ നേരറിയാന്‍ എത്തി. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയെപ്പറ്റി സിബിഐ അന്വേഷണം ആരംഭിച്ചു. ആറന്മുള വിമാനത്താവളപദ്ധതിക്ക്‌ അനുമതി ലഭിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നടന്ന വേഗതയേറിയ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ സാമ്പത്തിക അഴിമതിയുണ്ട്‌ എന്ന്‌ കാണിച്ച്‌ മല്ലപ്പുഴശ്ശേരി കുറുന്താര്‍ സ്വദേശി അജിത്കുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

സിബിഐ ആന്റികറപ്ഷന്‍ ബ്രാഞ്ചില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ സംഘം ആറന്മുളയില്‍ എത്തി പ്രാഥമിക അന്വേഷണം നടത്തി. സിബിഐ കൊച്ചി കലൂര്‍ ഓഫീസില്‍ നിന്ന്‌ ഇന്‍സ്പെക്ടര്‍ സന്തോഷ്കുമാറിന്റെ നേത്യത്വത്തില്‍ മൂന്നംഗ സംഘമാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌.

വിമാനത്താവളത്തിനായി മണ്ണിട്ടുനികത്തിയ സ്ഥലം, സിപിഎം നടത്തുന്ന ഭൂസമരവേദി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സിബി‌ഐ സംഘം തെളിവെടുത്തു.

പിന്നീട്‌ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി ഓഫീസിലെത്തി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരനില്‍നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള രേഖകളുടെ പകര്‍പ്പുകള്‍ ശേഖരിച്ച്‌ പരാതികള്‍ ചോദിച്ചറിഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രാലയം നല്‍കിയ അനുമതിക്കു പിന്നില്‍ സാമ്പത്തിക അഴിമതി നടന്നു എന്നു സംശയിക്കുന്നതായി കുമ്മനം രാജശേഖരന്‍ സംഘത്തെ ബോധിപ്പിച്ചു.

പരാതിക്കാരനായ അജിത്‌ കുമാറില്‍ നിന്ന്‌ സംഘം വിശദമായി മൊഴി രേഖപ്പെടുത്തി. തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും വിശാലമായ നീര്‍ച്ചാലുകളും നീര്‍ത്തടങ്ങളും ഉള്ള ഈ പ്രദേശത്തിന്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം യാതൊരു വിധ അന്വേഷണങ്ങളും കൂടാതെ പ്രാഥമിക അനുമതി നല്‍കിയതില്‍ അഴിമതി നടന്നതായി സംശയിക്കുന്നതായി സംഘത്തെ അജിത്‌ കുമാര്‍ ബോധിപ്പിച്ചു.

വിവരാവകാശ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളായ വ്യോമയാനവകുപ്പ്‌, പ്രതിരോധവകുപ്പ്‌, പരിസ്ഥിതിവകുപ്പ്‌ എന്നിവിടങ്ങളില്‍ നിന്നു ലഭിച്ച രേഖകളുടെ ശരിപകര്‍പ്പ്‌ സംഘത്തിന്‌ കര്‍മ്മസമിതി ഭാരവാഹികള്‍ നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :