ആറന്മുളയില്‍ പങ്കുപറ്റാന്‍ സര്‍ക്കാര്‍ പോയത് നിയമവിരുദ്ധമായി!

തിരുവനന്തപുരം: | WEBDUNIA| Last Modified ബുധന്‍, 23 ജനുവരി 2013 (18:55 IST)
PRO
PRO
ആറന്മുള വിമാനത്താവള കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി പങ്കാളിയായത് നിയമോപദേശം മറികടന്നെന്ന് റിപ്പോര്‍ട്‍. കൂടാതെ വിമാനക്കമ്പനി ജലസംരക്ഷണ നിയമം ലംഘിച്ചതിനെതിരെ നടപടി വേണമെന്ന നിയമോപദേശം സര്‍ക്കാര്‍ പൂഴ്ത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രമുഖ വാര്‍ത്താചാനലാണ് പുറത്തുവിട്ടത്.

മേഖലയിലെ പുറമ്പോക്ക് ഭൂമിയും ആറന്മുള വലിയതോടിന്റെ സഞ്ചാരപഥവും കൃത്യമായി നിര്‍ണ്ണയിക്കുന്നതില്‍ റവന്യൂ വകുപ്പ് വീഴ്ച വരുത്തിയെന്നും നിയമോപദേശത്തിലുണ്ട്. നടപടിക്ക് ഈ വിഷയങ്ങളെല്ലാം പരിഗണിക്കണമെന്ന് നിയമോപദേശം വ്യക്തമാക്കുന്നു. വിമാനത്താവളത്തിനെതിരെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 2007ല്‍ പുഞ്ച പാടശേഖര കര്‍ഷക സമിതി സെക്രട്ടറി ടി.വി.പുരുഷോത്തമന്‍ നായര്‍ നല്‍കിയ പരാതിയാണ് നിയമോപദേശത്തിന് ആധാരം. പരാതിയെത്തുടര്‍ന്ന് ജലസേചന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവള കമ്പനിയുടെ കടുത്ത നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ആറന്മുള വിമാനത്താവളത്തെ സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലിലാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാസാക്കിയ കേരള ജലസേചന ജലസംരക്ഷണ നിയമം വിമാനത്താവള കമ്പനി ലംഘിച്ചതായി ജലസേചന വകുപ്പാണ് കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ വസ്തുനിഷ്ഠമാണെന്നാണ് രേഖകള്‍ പരിശോധിച്ച ശേഷം നിയമ വകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍, തുടര്‍നടപടി സ്വീകരിക്കാതെ നിയമോപദേശം പൂഴ്ത്തിക്കൊണ്ടാണ് വിമാനക്കമ്പനിയില്‍ 10 ശതമാനം ഓഹരിയെടുക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

പ്രധാന ജലസ്രോതസ്സായ ആറന്മുള വലിയതോട് ഒരു കിലോമീറ്ററോളം നീളത്തില്‍ കമ്പനി മണ്ണിട്ടു നികത്തി. ഇതു നിമിത്തം വലിയതോട്ടിലെ വെള്ളമുപയോഗിച്ചിരുന്ന കൃഷിയിടങ്ങള്‍ തരിശായി. വലിയതോടിന്റെ കൈവഴികളും മണ്ണിട്ടു നികത്തിയതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടായി. ഇതിന്റെ ഫലമായി സമീപപ്രദേശങ്ങളിലെ പുഞ്ച, വിരുപ്പ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കര്‍ഷകര്‍ പിന്‍വാങ്ങുന്നതോടെ ഈ ഭൂമിയും തന്ത്രത്തില്‍ തട്ടിയെടുക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്നും ഇതോടെ വ്യക്തമായി. ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന് നിയമവകുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടും അതവഗണിച്ച് വിമാനക്കമ്പനിയുടെ പങ്കാളിയാകാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി ദുരൂഹമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :