ആറന്മുള വിമാനത്താവളം: സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
വിമാനത്താവള പദ്ധതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആറന്മുള ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വേണമെന്ന റിപ്പോര്‍ട്ടിലാണ് നടപടി. ഇതിനായി ഹൈക്കോടതി അഭിഭാഷകനെ കമ്മീഷനായി നിയോഗിച്ചു. കെജിഎസ് ഗ്രൂപ്പിന്റെ ആറന്മുള വിമാനത്താവളത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിനായി ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരം കുറക്കണമെന്നും ഗോപുര വാതിലിന്റെ ഘടനമാറ്റണമെന്നും പറയുന്നത് അസാദ്ധ്യമാണെന്നു കാട്ടിയാണ് ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ വിശദമായ സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രശ്‌നം നേരിട്ട് പഠിക്കുന്നതിനായി എകാംഗ അഭിഭാഷക കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ഹൈക്കോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദിനെയാണ് കമ്മീഷനായി കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്.

വിമാനത്താവളത്തിനായി തങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒരിടത്തും പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കാര്യം പരാമര്‍ശിച്ചിട്ടില്ലെന്ന അവകാശവാദവുമായി നേരത്തെ കണ്‍സല്‍ട്ടണ്‍സിയായ കിറ്റ്‌കോ രംഗത്തെത്തിയിരുന്നു. കെജിഎസ് ഗ്രൂപ്പ് ഇത് സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അനുമതിയില്ലാതെയാണ് തങ്ങളുടെ ലോഗോ ഉപയോഗിച്ചതെന്നാണ് കിറ്റ്‌കോ പറയുന്നത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ദേവസ്വം ഓംബുഡ്‌സ്മാന്‍ വിമാനത്തവള നിര്‍മാണം ക്ഷേത്രത്തെ ബാധിക്കുമെന്നു ഹൈക്കോടതിയെ ധരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :