ആറന്മുള വിമാനത്താവള ഭൂമിയ്ക്കായി സരിത ഇടപെട്ടു; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവള ഭൂമിയ്ക്കായി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. വിമാനത്താവളത്തിനായി സരിതാ എസ് നായര്‍ക്കൊപ്പം എബ്രഹാം കലമണ്ണില്‍ മുഖ്യമന്ത്രിയെ കണ്ടതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതു ശരിവയ്ക്കും വിധം എബ്രഹാമിന് സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കിയെന്നതിന്റെ രേഖകളാണ് പുറത്തുവന്നത്.

ആരോപണം പുറത്തുവന്ന് ദിവസങ്ങള്‍ക്കകം ഏബ്രഹാം കലമണ്ണിലിന് മിച്ചഭൂമി ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ തെളിവുകള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റേയും ജില്ലാ കലക്ടറുടേയും എതിര്‍പ്പു വകവയ്ക്കാതെ ചട്ടങ്ങള്‍ മറികടന്നാണ് ഇതിനായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മിച്ചഭൂമി ഇളവു നല്‍കേണ്ട വസ്തുക്കളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് റവന്യൂ വകുപ്പില്‍നിന്നും സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ വളരെ അടിയന്തരം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജൂലൈ 17നാണ് ആറന്മുള വിമാനത്താവള ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് ഏബ്രഹാം കലമണ്ണില്‍ സരിതാ എസ് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന് ആരോപണമുണ്ടായത്. ജൂലൈ 27ന് റവന്യൂവകുപ്പില്‍ നിന്നും പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് ഏബ്രഹാം കലമണ്ണിലിന് മിച്ചഭൂമി ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ്. മിച്ചഭൂമി ഇളവുനല്‍കേണ്ട വസ്തുക്കളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന ലാന്‍ഡ്‌ബോര്‍ഡിനും പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കും റവന്യൂവകുപ്പില്‍ നിന്നും അയച്ച ഉത്തരവില്‍ വളരെ അടിയന്തരം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനപ്രകാരമാണ് കലമണ്ണിലിന് ഇളവുനല്‍കാന്‍ റവന്യൂവകുപ്പ് ഉത്തരവിറക്കിയതെന്നാണ് വിവരം.

ചട്ടപ്രകാരമല്ല ഈ സഹായമെന്ന് വിവരാവകാശനിയമപ്രകാരം റവന്യൂവകുപ്പില്‍ നിന്ന് ലഭിച്ച രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ഏനാദിമംഗലം വില്ലേജിലെ 29.6 ഏക്കര്‍ ഭൂമിക്ക് ഇളവ് ആവശ്യപ്പെട്ട് ഏബ്രഹാംകലമണ്ണില്‍ നല്‍കിയ അപേക്ഷയില്‍ ഒപ്പു പോലുമില്ലായിരുന്നെന്നാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ ജൂലൈ അഞ്ചിന് റവന്യൂ സെക്രട്ടറിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിധിയിലധികം ഭൂമി സമ്പാദിച്ചതായി കണ്ടെത്തിയതിനാല്‍ ഈ ഭൂമിയും വിമാനത്താവളഭൂമിയുമടക്കം 136 ഹെക്ടര്‍ മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ നേരത്തെ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഇക്കാരണത്താലും വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാലും അപേക്ഷ പരിഗണിക്കേണ്ടതുണ്ടോയെന്ന് കലക്ടര്‍ മാര്‍ഗനിര്‍ദേശം ആരാഞ്ഞിട്ടുണ്ട്. ഭൂപരിഷ്‌ക്കരണനിയമം 1963ന്റെ സെക്ഷന്‍ 81 (1), 98 (എ) വകുപ്പുകള്‍ പ്രകാരമുള്ള ഇളവ് മിച്ചഭൂമി പ്രഖ്യാപനം വന്ന കേസുകള്‍ക്ക് ബാധകമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ സ്പഷ്ടീകരണവും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിച്ചാണ് സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :