കൊല്ലം|
Last Modified തിങ്കള്‍, 7 ഡിസംബര്‍ 2015 (10:21 IST)
സംസ്ഥാന ആര്‍ എസ് പിയില്‍ പൊട്ടിത്തെറി. ദേശീയ സമ്മേളനം ഒരു വിഭാഗം നേതാക്കള്‍ ബഹിഷ്കരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായിട്ടും യു ഡി എഫിനൊപ്പം നില്‍ക്കുന്നതാണ് പ്രതിഷേധത്തിന് കാരണം. 10 സംസ്ഥാന നേതാക്കള്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കില്ല. കൊല്ലത്തുനിന്നുള്ള എട്ട് സംസ്ഥാന സമിതിയംഗങ്ങളും തിരുവനന്തപുരത്തുനിന്നുമുള്ള രണ്ട് അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.
കേരളത്തില്‍ മാത്രമാണ് ആര്‍ എസ് പി യുഡിഎഫിനൊപ്പം നില്‍ക്കുന്നതെന്നും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിനൊപ്പമാണ് ആര്‍ എസ് പി ഉള്ളതെന്നും വിമതര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക ജില്ലകളിലും ഇത്തരത്തിലുള്ള വിമത ശബ്ദം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു.
എന്നാല്‍ ഓരോ സംസ്ഥാനത്തെയും സാഹചര്യമനുസരിച്ച് ആര്‍ എസ് പിക്ക് പ്രവര്‍ത്തിക്കാമെന്ന് ദേശീയതലത്തില്‍ ഒരു പ്രമേയം നിലനില്‍ക്കുന്നുണ്ട്. ഇതാണ് സംസ്ഥാനത്ത് ആര്‍ എസ് പി ഔദ്യോഗിക നേതൃത്വത്തിന് പിടിവള്ളിയായിരിക്കുന്നത്. കേരളത്തില്‍ വ്യത്യസ്തമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അതിനാല്‍ യു ഡി എഫിനൊപ്പം തുടരാമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
എന്നാല്‍ സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാട് സ്വീകരിക്കാമെന്ന പ്രമേയം ദേശീയ സമ്മേളനത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് വിവരം. മറ്റന്നാള്‍ ഡല്‍ഹിയിലാണ് ആര്‍ എസ് പിയുടെ ഇരുപതാം ദേശീയ സമ്മേളനം.