ആയുര്‍വേദ രംഗത്തെ വികസനത്തിനായി ആയുഷ്‌കേരളം പദ്ധതി: ആരോഗ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 4 മാര്‍ച്ച് 2014 (16:39 IST)
PRO
ആയുര്‍വേദരംഗത്തെ വികസനത്തിനായി ആയുഷ് കേരളം എന്ന പേരില്‍ ബൃഹത്തായ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രവും ആധുനിക ചികിത്സാ സമ്പ്രദായവും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര ആരോഗ്യസേവനമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാന ആയുര്‍വേദ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുഷ് കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഓരോ പ്രദേശത്തിനും അനുയോജ്യമായ ഔഷധ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് പ്രാവര്‍ത്തികമാക്കുക. കാന്‍സര്‍ സാന്ത്വന ചികിത്സാ രംഗത്ത് ആയുര്‍വേദത്തിന്റെ സംഭാവനകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ ആയുര്‍വേദ യൂണിറ്റ് ആരംഭിക്കും.

ശ്രീചിത്രയില്‍ ആയുര്‍വേദ യൂണിറ്റ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകും. തിരുവനന്തപുരം മുട്ടത്തറയില്‍ പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുക വഴി ആയുര്‍വേദത്തിന്റെ സ്വന്തം നാടായി ഇനി കേരളം അറിയപ്പെടും. 998 പഞ്ചായത്തുകളിലായി ഇപ്പോള്‍ 1149 ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 77 സ്ഥിരം ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്ലാത്ത രണ്ട് പഞ്ചായത്തുകള്‍ കൂടി ഉണ്ട്. ഇവയില്‍ എന്‍ആര്‍എച്ച്എം മുഖേന ഉടന്‍ ചികിത്സാ കേന്ദ്രങ്ങളാരംഭിക്കും. ഈയിടെ തുടങ്ങിയ 77 സ്ഥിരം ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലേക്കായി 343 പുതിയ തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. അവയിലേക്കെല്ലാം നിയമനം നടത്തുകയും ചെയ്തു. ആയുര്‍വേദ തെറാപ്പിസ്റ്റുകളുടെ 120 തസ്തികകളും 36 ഫാര്‍മസിസ്റ്റ് തസ്തികകളും സൃഷ്ടിക്കുന്നത് സംബന്ധിച്ച കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള 2013 ലെ അഷ്ടാംഗരത്‌ന, ധന്വന്തരി, ചരക, ആത്രേയ, വാഗ്ഭട സംസ്ഥാന അവാര്‍ഡുകളാണ് മന്ത്രി വിതരണം ചെയ്തത്. ആയുര്‍വേദത്തിന്റെ സമസ്ത മേഖലകളിലുമുള്ള ആജീവനാന്ത സംഭാവനകളെ അടിസ്ഥാനമാക്കിയുള്ള അഷ്ടാംഗരത്‌ന അവാര്‍ഡ് എറണാകുളം, മഞ്ഞുമ്മല്‍ ശങ്കര്‍ ഫാര്‍മസി മാനേജിംഗ് പാര്‍ട്ട്ണര്‍ വൈദ്യകലാനിധി കെ.എസ്. ഗംഗാധരന്‍ വൈദ്യര്‍ ഏറ്റുവാങ്ങി. അവാര്‍ഡിനൊപ്പം ലഭിച്ച 25,000 രൂപയുടെ കാഷ് പ്രൈസ് പാവപ്പെട്ട ആയുര്‍വേദ വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിലേക്കായി വിനിയോഗിക്കുമെന്ന് വൈദ്യര്‍ മറുപടി പ്രസംഗത്തില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :