ആധാര്‍ പദ്ധതിയെ അനുകൂലിച്ച് കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 13 ജനുവരി 2014 (10:30 IST)
PRO
ആധാര്‍ പദ്ധതിയെ പൂര്‍ണമായും അനുകൂലിച്ച് കേരളം സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം നല്‍കും. സബ്‌സിഡി നേരിട്ട് ജനങ്ങളിലെത്തിക്കാനും ഇടനിലക്കാരെ ഒഴിവാക്കാനും ആധാര്‍ മികച്ചതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും.

ആധാര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.

ആധാര്‍ നല്‍കുന്നതിനായി ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുമായി കരാര്‍ ഒപ്പുവെച്ചതായി കേരളം അറിയിക്കും. ഇതിനകം പദ്ധതിക്കായി വന്‍തുക ചെലവഴിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും കേരളം കോടതിയില്‍ വ്യക്തമാക്കും.

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സംസ്ഥാനത്ത് എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് പദ്ധതിയെ കേരളം പൂര്‍ണമായും അനുകൂലിക്കുന്നത്. ആധാര്‍ നിര്‍ബന്ധമാക്കിയത് സംസ്ഥാന സര്‍ക്കാരുകളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :