വിവാഹതട്ടിപ്പ് വീരനെ ആദ്യഭാര്യയുടെ ബന്ധുക്കള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആലപ്പുഴ ചുങ്കം വെള്ളുത്തറയില്‍ സനോഹര്‍(40) ആണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. പല സ്ഥലങ്ങളിലായി മറ്റ് പേരുകളില്‍ ആളുകളെ കബളിപ്പിച്ച് പെണ്‍കുട്ടികളെ വിവാഹം കഴിച്ച ശേഷം മുങ്ങിയ ഇയാള്‍ മൈനാഗപ്പള്ളി സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച് പുത്തന്‍ചന്തയില്‍ തുണിക്കട നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
ഇയാളുടെ ആദ്യഭാര്യ ശൂരനാട് വടക്ക് തെക്കേമുറി ആഷികാ മന്‍സിലില്‍ ഹസീനയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തുണിക്കട തുടങ്ങിയതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹസീനയുടെ ബന്ധുക്കള്‍ തുണി വാങ്ങാനെന്ന വ്യാജേന കടയിലെത്തി സനോഹറിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 1995 ലാണ് ഹസീനയെ ഇയാള്‍ വിവാഹം ചെയ്തത്.