വാഹനം പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാക്കളെ ആക്രമിച്ച അമൃത എന്ന പെണ്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഓള്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മ്യൂസിയം പൊലീസിന് നിര്‍ദേശം നല്‍കിയത്. സെയിന്റ്സ് കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അമൃത.
വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വണ്‍ ബില്യണ്‍ റൈസിംഗില്‍ പങ്കെടുത്ത് മടങ്ങവെ തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെത്തിയപ്പോഴാണ് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇതിനിടയില്‍ യുവാക്കള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞത്. ഇതില്‍ ക്ഷുഭിതയായ പെണ്‍കുട്ടി നാലംഗ സംഘത്തെ ആക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മര്‍ദ്ദനമേറ്റ രണ്ടാം പ്രതി പ്രാവച്ചമ്പലം സ്വദേശി അനൂപ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. അമൃതയ്ക്കും അച്ഛന്‍ മോഹന്‍കുമാറിനും കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേര്‍ക്കുമെതിരേ കേസെടുക്കാനാണ് ഉത്തരവ്.
മര്‍ദ്ദനത്തില്‍ മൂക്കിന് പരുക്കേറ്റ അനൂപ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. ഔദ്യോഗിക കൃത്യനിര്‍ഹവഹണം തടസപ്പെടുത്തി, സര്‍ക്കാര്‍ വാഹനം തടഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അമൃതയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഐടി അറ്റ് സ്കൂള്‍ വാഹനത്തിലെ കരാര്‍ ഡ്രൈവറായിരുന്നു അനൂപ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.