അമൂല്യ നിധി: സി, ഡി നിലവറകള്‍ തുറക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സി, ഡി എന്നീ നിലവറകള്‍ വിദഗ്ധ സമിതിയ്ക്ക് തുറക്കാന്‍ അനുമതി. ആവശ്യമുള്ളപ്പോള്‍ നിലവറകള്‍ തുറക്കാം. എന്നാല്‍ സബ് കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍റെ മേല്‍നോട്ടത്തില്‍ മാത്രമേ ഈ നിലവറകള്‍ തുറക്കാവൂ എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ അറകള്‍ തുറക്കുന്നതിന് സബ് കോടതിയുടെ വിധി തടസമായിരുന്നു.
നിലവറകള്‍ തുറക്കാനുള്ള പൂര്‍ണമായ അധികാരം വിദഗ്ധ സമിതിയ്ക്കായിരിക്കുമെന്നും കോടതി അറിയിച്ചു. സബ് കോടതിയുടെ കമ്മിഷന്‍ അംഗങ്ങള്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കോടതി അറിയിച്ചു. അതിനു സമ്മതമല്ലെങ്കില്‍ കമ്മിഷന് പകരം രണ്ട് പത്മനാഭ ഭക്തന്മാരെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.
നിധിയുടെ മൂല്യനിര്‍ണയത്തിനു പുറത്തെടുക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്വകാര്യ അറ നിര്‍മിക്കണം ഇതിന്റെ നിര്‍മ്മാണ ചെലവു സര്‍ക്കാരും ക്ഷേത്രവും പങ്കിടണം. എന്നാല്‍ ഇതിനുള്ള ചെലവു പൂര്‍ണമായും ക്ഷേത്ര അധികൃതര്‍ വഹിക്കണമെന്നു സംസ്ഥാനം കോടതിയില്‍ ആവശ്യപ്പെട്ടു. മൂല്യനിര്‍ണയത്തിനും ക്ഷേത്ര സുരക്ഷയ്ക്കുമായി ഇപ്പോള്‍ തന്നെ വന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്നും അതിനാല്‍ അറ നിര്‍മ്മിക്കുന്നതിന്റെ ചെലവ് ക്ഷേത്രം തന്നെ വഹിക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.