അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെട്ടെന്നു വെളുത്തു, പിന്നീട് ദ്രവിച്ച് ഒടിഞ്ഞു (ഇത് പ്രേതകഥയല്ല)

ചാരുംമൂട്‌| WEBDUNIA|
PRO
ശരീരത്ത്‌ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക്‌ പെട്ടെന്ന്‌ വെളുക്കാന്‍ തുടങ്ങി, അല്‍പ്പ സമയത്തിനുള്ളില്‍ പലതും ദ്രവിച്ച് ഒടിയുകയും ചെയ്തു. വീട്ടുകാര്‍ അമ്പരക്കുകയും ഭയപ്പെടുകയും ചെയ്തു.

ചില പ്രേതസിനിമകളില്‍ മാത്രമാണ് ഇത്തരം ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇത് സംഭവിച്ചത്. താമരക്കുളം ചാവടി ജംഗ്‌ഷന്‌ കിഴക്ക്‌ അശോകഭവനത്തില്‍ അശോകന്റെ ഭാര്യ സിന്ധു, മാതാവ്‌ രാജമ്മ, മകന്‍ അശ്വിന്‍, ജ്യേഷ്‌ഠഭാര്യ രഞ്‌ജു എന്നിവര്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ക്കാണ്‌ നിറവ്യത്യാസം ഉണ്ടായത്‌.

കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഒരുവയസുള്ള കുട്ടി അണിഞ്ഞിരുന്ന കാല്‍ത്തളകള്‍ക്കാണ്‌ നിറവ്യത്യാസം ഉണ്ടാകാന്‍ ആരംഭിച്ചത്‌. തുടര്‍ന്ന്‌ ബാക്കിയുള്ളവരുടെ ആഭരണങ്ങളും വെളുത്തുതുടങ്ങി.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും അമ്പരന്നു. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന ആഭരണങ്ങളായിരുന്നു ഇത്‌. വെള്ളി നിറമായ സ്വര്‍ണാഭരണങ്ങളില്‍ ചിലത്‌ ദ്രവിച്ച്‌ ഒടിയുകയും ചെയ്‌തു.

ഉടന്‍തന്നെ സ്വര്‍ണക്കടക്കാരുമായും സ്വര്‍ണപ്പണിക്കാരുമായും ബന്ധപ്പെട്ടപ്പോള്‍ വീട്ടിലെ മെര്‍ക്കുറിയുടെ സാന്നിധ്യമാണ്‌ നിറവ്യത്യാസത്തിനു കാരണമെന്നു അവര്‍ പറഞ്ഞു. മെര്‍ക്കുറി ബള്‍ബുകളില്‍ നിന്നോ മറ്റോ രാസപ്രവര്‍ത്തനം സംഭവിച്ചതോ ആകാം ഇതിന്‌ കാരണമെന്നാണ്‌ കടക്കാര്‍ പറയുന്നത്‌.

നിറംമാറിയ ആഭരണങ്ങള്‍ ചൂടാക്കിയാല്‍ പഴയ സ്‌ഥിതിയിലാകുമെന്നും പറഞ്ഞതോടെയാണ്‌ വീട്ടുകാര്‍ക്ക്‌ സമാധാനമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :