കോലേഞ്ചേരി പട്ടിമറ്റത്ത് സുലൈഖ എന്ന വീട്ടമ്മയെ കഴുത്തറുത്ത കൊന്ന കേസിലെ പ്രതികളെ സിബിഐ പിടികൂടി. ഏഴുവര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ പട്ടിമറ്റം സ്വദേശികളായ അബ്ദുല്‍കരീം, വത്സല, അബ്ദുല്‍കരീം എന്നിവരാണ് അറസ്റ്റിലായത്. വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ പിടിയിലാവുന്നത്.
പ്രതികളുടെ അവിഹിത ബന്ധത്തിന് ദൃക്സാക്ഷിയായതാണ് സുലേഖയ്ക്ക് വിനയായത്. സംഭവം പുറത്ത് പറയാതിരിക്കാന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. നേരത്തെ ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ രണ്ട് വര്‍ഷം മുന്‍പ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.
2006 ജൂലൈ 29ന് വിറക് ശേഖരിക്കാന്‍ പോയ സുലൈഖയെ വീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. അന്വേഷണത്തിനിടെ 165 പേരെ സിബിഐ ചോദ്യം ചെയ്തു. പ്രദേശവാസിയായ വത്സലയുടെ മൊഴിയിലെ വൈരുധ്യമാണ് പ്രതികളെ കണ്ടെത്താന്‍ ഇടയാക്കിയത്.