മധുരപലഹാരങ്ങള്‍ കാണിച്ച് തൃശൂരില്‍ നിന്നും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ എല്‍കെജി വിദ്യാര്‍ഥിനിയെ കണ്ടെത്തി. തിരുവില്വാമലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
രാവിലെ ചാലക്കുടി കാടുകുറ്റിയില്‍ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ എല്‍കെജി വിദ്യാര്‍ഥിനിയെ തിരുവില്വാമല സെന്റ് ജോര്‍ജ് പള്ളിക്കു സമീപമുളള സ്കൂളിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണു കണ്ടെത്തിയത്. വഴി തെറ്റി വന്നതാണെന്നു കുട്ടി അറിയിച്ചതായി സെന്റ് ജോര്‍ജ് പളളി വികാരി പറഞ്ഞു. കുട്ടിയെ പൊലീസ് പഴയന്നൂര്‍ സ്റ്റേഷനില്‍ എത്തിച്ചു.
വിളക്കത്ത് പറമ്പില്‍ മധുവിന്റ മകളും ആംഗോ ഇന്ത്യന്‍ സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയുമായ അനുശ്രീയെയാണ് രാവില സ്കൂള്‍ പരിസരത്തിനു സമീപത്തു നിന്നും തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം സ്കൂള്‍ പരിസരത്തു നിന്നു തട്ടികൊണ്ടു പോകുകയായിരുന്നു. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചാലക്കുടി സിഐ വി.ടി ഷാജന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടി അച്ഛന്‍ മധുവുമായും പ്രിന്‍സിപ്പലുമായും ഫോണില്‍ സംസാരിച്ചു.