കഴിഞ്ഞ ബജറ്റിലെ ട്രെയിനുകള്‍ക്ക് എന്തു സംഭവിച്ചു?

ദില്‍ജിത് രാജ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തൃശൂരില്‍ പൂരം നടക്കുന്നതുപോലെ എല്ലാവര്‍ഷവും മുടങ്ങാതെ ഡല്‍ഹിയിലെ പാര്‍ലമെന്റില്‍ നടക്കുന്ന ചടങ്ങാണല്ലോ റെയില്‍‌വെ ബജറ്റ്. പിറ്റേദിവസം പുറത്തിറങ്ങുന്ന പത്രങ്ങളില്‍ വെണ്ടയ്ക്ക നിരത്താന്‍ തക്കവിധം വന്‍പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടാകാറുള്ളത്. നമ്മള്‍ താഴെ അറ്റത്ത് കിടക്കുന്ന മലയാളികള്‍ക്കായി പ്രത്യേകിച്ച് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകാതിരിക്കാറുമില്ല.

പക്ഷെ എല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമാണല്ലോയെന്ന് മലയാളികള്‍ക്ക് മനസിലാകുന്നത് മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമൊക്കെ അവധിക്ക് വണ്ടി കയറുമ്പോള്‍ മാത്രമാണ്. കഴിഞ്ഞ രണ്ടുവര്‍ഷം റെയില്‍വേ ബജറ്റില്‍ കേരളത്തിനായി പ്രഖ്യാപിച്ച പദ്ധതികളില്‍ നടപ്പായത് ചുരുക്കം ചിലത് മാത്രമാണ്. ചില പുതിയ ട്രെയിനുകളും ഒന്നോ രണ്ടോ സര്‍വീസ് നീട്ടലും മാത്രമായി അത് ചുരുങ്ങി.

കഴിഞ്ഞ വര്‍ഷം 12 പ്രഖ്യാപനങ്ങളാണ് കേരളത്തിനായി റയില്‍‌വെ ബജറ്റില്‍ ഉണ്ടായിരുന്നത്. പക്ഷെ നടപ്പിലാക്കിയത് വെറും ഒന്ന്. അതിനു മുന്‍പത്തെ വര്‍ഷം 25 പ്രഖ്യാപനം ഉണ്ടായിരുന്നു. അതില്‍ ഒന്‍പതെണ്ണം നടപ്പിലാക്കി. നടപ്പിലാക്കാന്‍ കഴിയാത്തത് പ്രഖ്യാപിച്ച് എന്തിനാണ് യാത്രക്കാരെ വെറുതെ മണ്ടന്‍‌മാരാക്കുന്നത്?

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മൂന്ന് പുതിയ ട്രെയിനുകളും ഇതുവരെ ഓടിത്തുടങ്ങിയില്ല. തമിഴ്നാട്ടിലേക്കുള്ള രണ്ട് സര്‍വീസ് നീട്ടല്‍ മാത്രം നടത്തി. അത് സര്‍ക്കാരിനെ താങ്ങി നില്‍ക്കുന്ന കരുണാനിധിയെ സന്തോഷിപ്പിക്കാനാണെന്ന് ആര്‍ക്കാണ് മനസിലാകാത്തത്.

എറണാകുളം-തൃശൂര്‍ മെമു, പാലക്കാട് ടൗണ്‍-ഈറോഡ് ടൗണ്‍ മെമു, കൊച്ചുവേളി-യശ്വന്തപൂര്‍, ബാംഗ്ലൂര്‍-കൊച്ചുവേളി പ്രതിദിന ട്രെയിന്‍ തുടങ്ങിയ വാഗ്ദാനങ്ങളും പാഴായി. പാലക്കാട് കോച്ച് ഫാക്ടറിക്കാവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറി. എന്നാല്‍, സംയുക്ത സംരംഭം സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. ചേര്‍ത്തല ഓട്ടോകാസ്റ്റ് പദ്ധതിക്ക് ഭേദഗതി ആവശ്യപ്പെടുകയാണ് റെയില്‍വേ. മലയാളികളെ മണ്ടന്‍‌മാരാക്കുന്ന അടുത്ത റെയില്‍‌വെ ബജറ്റ് വരെ നമുക്ക് കാത്തിരിക്കാം. എന്തൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന്. സ്വപ്നം കാണാന്‍ നമുക്ക് അവകാശമുണ്ടല്ലോ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :