അച്യുതാനന്ദനുമുണ്ട് ഒരു ‘നീരാ റാഡിയ’!

തിരുവനന്തപുരം| WEBDUNIA|
PRO
‘ഇടപാടുകള്‍’ ഉറപ്പിക്കുന്നതിന് രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യവസായികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ചതിന് സി‌ബി‌ഐ ചോദ്യംചെയ്തുവരുന്ന നീരാ റാഡിയയെ പോലൊരു കോര്‍പ്പറേറ്റ് ദല്ലാള്‍ സാക്ഷാല്‍ അച്യുതാനന്ദനും ഉണ്ടെന്ന് വെളിപ്പെടുത്തല്‍. ഏറെ വിവാദം സൃഷ്‌ടിച്ചേക്കാവുന്ന ഈ ‘സ്കൂപ്പ്’ പുറത്ത് കൊണ്ടുവന്നിരിക്കുന്നത് ‘ജയ്‌ഹിന്ദ്’ ചാനലാണ്.

ഇടമലയാര്‍ കേസും ലാവ്‌ലിന്‍ കേസും തനിക്ക് അനുകൂലമായ നിലയില്‍ മുന്നോട്ടുപോകാന്‍ അച്യുതാനന്ദനെ സഹായിച്ചത് ഈ കോര്‍പ്പറേറ്റ് ദല്ലാള്‍ ആണെത്രെ. ഇടമലയാര്‍ കേസുള്‍പ്പെടെ വിവാദമായ പല കേസുകളിലും അച്യുതാനന്ദനെ സഹായിക്കാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ ദല്ലാളുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അടുത്തിടെ അഭിഭാഷകന്‍ കെ രാംകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിനോട് അനുബന്ധിച്ചാണ് ജയ്‌ഹിന്ദ് ചാനലിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ടിജി നന്ദകുമാറാണ് വി‌എസിന്റെ കോര്‍പ്പറേറ്റ് ദല്ലാള്‍ എന്നാണ് ചാനല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ അഭിഭാഷകര്‍ ഇയാളെ വിളിക്കുന്നത് ‘കംപ്ലെയ്ന്‍റ് കുമാര്‍’ എന്നാണെത്രെ. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. മുന്‍കൂര്‍ അനുമതി കൂടാതെ പല ജഡ്ജിമാരുടെയും വസതിയിലെത്താന്‍ കുമാറിന് സാധിക്കുമത്രെ.

“വിമാന യാത്രയ്ക്കിടെയാണു വിഎസും കുമാറും കൂടിക്കാഴ്ച നടത്തുന്നതും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും. പരിചയക്കാര്‍ക്കു കുമാര്‍ നല്‍കുന്ന മേല്‍വിലാസം എംപിമാരുടെ ക്വാര്‍ട്ടേഴ്സായ 96 സൗത്ത് അവന്യൂ എന്നാണ്. ആഴ്ചയില്‍ അഞ്ചും ആറും തവണ കുമാര്‍ ഡല്‍ഹിക്കു പറക്കുന്നത് ആഡംബര വിമാനങ്ങളുടെ ബിസിനസ് ക്ലാസില്‍ മാത്രം. സ്ഥിരം വരുമാനമില്ലാത്ത കുമാര്‍ കൊച്ചിയില്‍ ഒരു കോടി രൂപയിലേറെ ചെലവഴിച്ച് വീട് നിര്‍മിച്ച് വരുന്നുണ്ട്” - ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :